ലോകസസ്യാരോഗ ദിനാചരണം: പടന്നക്കാട് കാർഷിക കോളേജിൽ ദേശീയ സെമിനാർ തുടങ്ങി
ലോകസസ്യാരോഗ ദിനാചരണത്തിന്റെ ഭാഗമായുള്ള ദ്വിദിന ദേശീയ സെമിനാർ പടന്നക്കാട് കാർഷിക കോളേജിൽ തുടങ്ങി.
മലബാർ പ്ലാന്റ് പ്രൊട്ടക്ഷൻ സൊസൈറ്റി, കേരള കാർഷിക സർവകലാശാല, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാർ. അതിജീവനശേഷിയുള്ള കൃഷി: സസ്യാരോഗ പരിപാലനത്തിലും ബയോസെക്യൂരിറ്റിയിലുമുള്ള നൂതന ആശയങ്ങൾ എന്ന പ്രമേയത്തിൽ, ഹൈബ്രിഡ് മോഡിൽ നേരിട്ടും ഓൺലൈനിലുമാണ് സെമിനാർ. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ.ബി.അശോക് സെമിനാർ ഉദ്ഘാടനം ചെയ്തു. പടന്നക്കാട് കാർഷിക കോളേജ് ഡീനും സർവകലാശാല ജനറൽ കൗൺസിൽ അംഗവുമായ ഡോ.സജിതറാണി അധ്യക്ഷയായി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സസ്യാരോഗ്യത്തിനുള്ള പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
കേരള കേന്ദ്രസർവകലാശാല സ്റ്റുഡന്റ് വെൽഫെയർ ഡീനും ബയോകെമിസ്ട്രി പ്രൊഫസറും ആയ ഡോ.രാജേന്ദ്ര പിലാങ്കട്ട മുഖ്യാതിഥിയായി പങ്കെടുത്തു. സെമിനാറിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന അബ്‌സ്ട്രാക്ട് ബുക്കിന്റെ ഡിജിറ്റൽ പ്രസിദ്ധീകരണവും ഇദ്ദേഹം നിർവഹിച്ചു. മലബാർ പ്ലാന്റ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.എം.ശ്രീകുമാർ, സെക്രട്ടറി ഡോ.പി.സൈനമോൾ കുര്യൻ, കോളേജ് മുൻ ഡീൻ, ഡോ.ഗോവിന്ദൻ, ഡോ.പി.കെ.മിനി എന്നിവർ സംസാരിച്ചു. കേരളത്തിലെ പ്രഥമ സസ്യരോഗ ശാസ്ത്രജ്ഞൻ പ്രൊഫസർ ജെ.സാംരാജ്, കീടശാസ്ത്ര വിഭാഗത്തിൽ കേരളത്തിലെ ആദ്യകാല ശാസ്ത്രജ്ഞരിൽ പ്രബലനായ ഡോ.എം.ആർ.ജി.കെ.നായർ എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം യഥാക്രമം ഡോ.സി.കെ.പീതാംബരൻ, ഡോ.കെ.ഡി.പ്രതാപൻ എന്നിവർ ഏറ്റുവാങ്ങി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, വിദ്യാർത്ഥികൾ, കർഷകർ എന്നിവരും സെമിനാറിന്റെ ഭാഗമായി. സസ്യരോഗ, കീടരോഗ നിയന്ത്രണത്തിനുള്ള നൂതന ആശയങ്ങളെക്കുറിച്ച് ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രഗത്ഭരും ഈ മേഖലകളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികളും പ്രബന്ധം അവതരിപ്പിച്ചു.
സസ്യസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് 2023 മെയ് 24 ന് രൂപീകരിച്ച മലബാർ പ്ലാന്റ് പ്രൊട്ടക്ഷൻ സൊസൈറ്റി. കാർഷിക മേഖലയുടെ പുരോഗതിക്കായി ശാസ്ത്രജ്ഞരെയും വിദ്യാർത്ഥികളെയും കർഷകരെയും ഒരേ വേദിയിൽ കൊണ്ടുവരിക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം. ഡോ. കെ.എം. ശ്രീകുമാർ (പ്രസിഡന്റ്), ഡോ. സൈനാമോൾ കുര്യൻ പി. (സെക്രട്ടറി), ഡോ. നിഷ എം.എസ്. (കൺവീനർ), ഡോ. സജീഷ് പി. കെ ( ട്രഷറർ) എന്നിവരടങ്ങുന്ന സമിതിയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.
No comments