ചായ്യോം കണിയാട റെഡ് മൂൺ ഐലന്റിലേക്കുള്ള ചങ്ങാടം മറിഞ്ഞു; എല്ലാവരും രക്ഷപ്പെട്ടു
ചായ്യോം കണിയാട റെഡ് മൂൺ ഐലന്റിലേക്കുള്ള യാത്രാ ചങ്ങാടം മറിഞ്ഞു.
മറുവശത്ത് നിന്ന് കയർ കെട്ടിവലിക്കുന്ന ചങ്ങാടമാണിത്. പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം മറുവശത്തേക്ക് സഞ്ചരിക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് എല്ലാവരും വെള്ളത്തിൽ വീഴുകയായിരുന്നു. അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇവിടെ ഏർപ്പെടുത്തിയില്ലെങ്കിലും ഭാഗ്യം കൊണ്ട് എല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. നാട്ടുകാരും സംഭവസ്ഥലത്തുണ്ട്. തളിപ്പറമ്പ് സ്വദേശികളായ 14 അംഗ സംഘമാണ് ഐലന്റ് സന്ദർശിച്ച് മടങ്ങും വഴി ഇക്കരെ കടക്കാൻ ഉണ്ടായിരുന്നത്. സാധാരണ 10 പേരെ വീതം ചങ്ങാടത്തിൽ കെട്ടിവലിച്ചാണത്രെ അക്കരെയെത്തിക്കാറ്. 14 പേർ മാത്രമായതിനാൽ എല്ലാവരോടും ഒറ്റ ട്രിപ്പിൽ കയറാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് പറയുന്നു. അതേസമയം ചങ്ങാടത്തിൽ ലൈഫ് ജാക്കറ്റ് പോലുള്ള സംവിധാനങ്ങൾ ലഭ്യവുമല്ല. കുട്ടികളും പ്രായമായവരും എല്ലാം യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. കൂട്ടത്തിൽ ചിലർക്ക് നീന്തൽ അറിയാമായിരുന്നു. ഇവർ വെപ്രാളപ്പെടാതെ മറ്റുള്ളവരെയും വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി. ഇതിനിടെ നാട്ടുകാരും ഓടിയെത്തി. പുഴയിൽ വീണവരിൽ ചിലർ നീന്തലറിയാതെ മുങ്ങിത്താഴ്ന്ന് വെള്ളം കുടിച്ചു. എല്ലാവരെയും കരയ്ക്കെത്തിച്ച ശേഷം മൊബൈൽ ഫോണുകളും ബാഗുകളും ഉൾപ്പെടെ ഇവരുടെ സാധനങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെ നീലേശ്വരം പോലീസ് സംഘവും സ്ഥലത്തെത്തി തുടർ നടപടികൾ ഏകോപിപ്പിച്ചു.നീലേശ്വരം സബ് ഇൻസ്പെക്ടർമാരായ കെ.അജിത, പി.സുഗുണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൽ.ആർ.ദിലീഷ് കുമാർ, സുജിത്, സുമേഷ് ബഡൂർ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
No comments