നീലേശ്വരത്തെ 'മൺപാത' ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് എൻഎച്ച് ഐ, തടയുമെന്ന് കർമ്മസമിതി
ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ പൂർത്തിയായ 'മൺപാത ' രണ്ട് ദിവസത്തിനകം ഗതാഗതത്തിന് തുറക്കുമെന്ന് ദേശീയപാത അതോറിറ്റി കൺസൽട്ടന്റ് മല്ലികാർജുന.
ഇവിടെ ആകാശപാത ആവശ്യപ്പെട്ട് അനിശ്ചിതകാല സമര രംഗത്തുള്ള നീലേശ്വരം നഗരസഭ കർമസമിതി ഭാരവാഹികളെയാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ ആകാശപാത വേണമെന്ന ആവശ്യം അംഗീകരിക്കുന്നതുവരെ മേൽപ്പാലത്തിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് കർമ്മസമിതി ഭാരവാഹികൾ മല്ലികാർജനയ്ക്ക് മറുപടി നൽകി. മേൽപ്പാലം തുറന്നു കൊടുക്കാൻ ശ്രമിക്കുന്നപക്ഷം സമര രീതികൾ മാറ്റുമെന്നും മേൽപ്പാലത്തിലൂടെ ഗതാഗതം ആരംഭിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്നും സമരസമിതി ചെയർമാൻ പി പി മുഹമ്മദ് റാഫിയും കൺവീനർ ഇ ഷജീറും ഉൾപ്പെടെയുള്ള നേതാക്കൾ മല്ലികാർജ്ജനയെ അറിയിച്ചു. അപ്രോച്ച് റോഡിന്റെ നിർമ്മാണം ആരംഭിക്കേണ്ടതിനാൽ മേൽപ്പാലത്തിലൂടെ ഗതാഗതം തുറന്നുകൊടുത്തേ തീരൂവെന്ന് ഇന്നലെ സമരസമിതിയുടെ സമര പ്പന്തലിൽ എത്തിയ മല്ലികാർജുന പറഞ്ഞു. എന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വന്നാലും ഒരു കാരണവശാലും സർവീസ് റോഡ് നിർമ്മാണം ആരംഭിക്കാനോ മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനോ അനുവദിക്കില്ലെന്നും നഗരസഭ ജനകീയ സമരസമിതി നേതാക്കൾ അറിയിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സതീശൻ നഗരസഭ കൗൺസിലർമാരായ ഇട്ടപ്പുറം പ്രദീപ്, ടി.വി. രജിത, പി.വി.സതീശൻ , കെ.പി.സതീശൻ, ഇ. അനീഷ് , സൗദ അഞ്ചില്ലത്ത് കർമ്മസമിതി നേതാക്കളായ മാമുനി വിജയൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി. വിജയകുമാർ, വെങ്ങാട്ട് ശശി തുടങ്ങിയവരും സ്ഥലത്ത് ഉണ്ടായിരുന്നു.
No comments