Breaking News

റെഡ്മൂൺ അപകടം: രക്ഷകരായത് കണിയാടയിലെ യുവാക്കൾ

ചായ്യോം കണിയാടയിൽ റെഡ്മൂൺ ഐലന്റ് സന്ദർശിച്ച് മടങ്ങളെ കയർകെട്ടിവലിക്കുന്ന ചങ്ങാടം മറിഞ്ഞ് പുഴയിൽ വീണ യാത്രാസംഘത്തിന് രക്ഷകരായത് കണിയാടയിലെ യുവാക്കൾ.
കണിയാടയിലെ കെ.എം.നികേഷിന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ സംഘമാണ് സംഭവസ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തന ശ്രമങ്ങൾ പൂർത്തീകരിച്ചത്. തളിപ്പറമ്പിൽ നിന്നെത്തിയ ബാങ്ക് ജീവനക്കാരുടെ സംഘവും അവരുടെ കുടുംബാംഗങ്ങളുമാണ് ചങ്ങാടത്തിൽ മറുകരയിലേക്ക് വരുന്നതിനിടെ ചങ്ങാടം മറിഞ്ഞ് പുഴയിലേക്ക് വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ചങ്ങാടം മറുകരതൊടാനിരിക്കെയായിരുന്നു അപകടം. വെള്ളത്തിൽ വീണവരിൽ ചിലർക്ക് നീന്തൽ നല്ല വശമുണ്ടായിരുന്നു. ഇവർ തന്നെയാണ് മനസാന്നിധ്യം കൈവിടാതെ രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിച്ചതും. 
സ്ഥലത്തെ സിപിഎം കണിയാട ബ്രാഞ്ച് ഓഫീസിന് സമീപം ശ്രേയസ് കുടുംബശ്രീയുടെ പ്രതിവാരയോഗം ചേരുകയായിരുന്നവർ ഫോൺ വിളിച്ചതറിയിച്ചതനുസരിച്ചാണ് നികേഷും കൂട്ടുകാരും അപകടവിവരം അറിഞ്ഞത്. വിവിധയിടങ്ങളിലായിരുന്ന ഇവർ ബൈക്കിലും കാറിലുമായി ഉടൻ സ്ഥലത്തെത്തി പുഴയിലിറങ്ങി രക്ഷാപ്രവർത്തനം തുടങ്ങി. യാത്രക്കാരെ മുഴുവൻ കരയിലെത്തിച്ചതോടെ ഇവരുടെ മൊബൈൽഫോണുകൾ, ബാഗുകൾ എന്നിവയ്ക്കുള്ള തിരച്ചിലായി. എല്ലാവരുടെയും നഷ്ടപ്പെട്ട സാധനങ്ങൾ കരക്കെത്തിച്ചു കൊടുക്കാനും ഇവർ പുഴയിൽ മുങ്ങിത്തപ്പി. ഇതിനിടെ സ്ഥലത്തെത്തിയ എസ്‌ഐമാരായ കെ.അജിത, പി.സുഗുണൻ, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ എൽ.ആർ.ദിലീഷ്‌കുമാർ, സുജിത്, സുമേഷ് ബഡൂർ എന്നിവരുടെ നേതൃത്വത്തിലുള്ള നീലേശ്വരം പോലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കെ.എം.നികേഷ്, വി.സജീഷ് ബാബു, കെ.സുജിത്ത്, പി.പി.രാഘവൻ, കെ.അരുൺ, വി.വിജയൻ, പി.പി.വിനോദ് എന്നിവരാണ് രക്ഷാപ്രവർത്തക സംഘത്തിലുണ്ടായിരുന്നത്. പോലീസ് സംഘവും നാട്ടുകാരും ഇവരെ അഭിനന്ദിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലാതിരുന്നതും ആശ്വാസമായി. രക്ഷപ്പെട്ടവരും ഇവർക്ക് നന്ദി പറഞ്ഞു.

No comments