Breaking News

ജില്ലയിലെ ഉയർന്ന ഭൂരിപക്ഷം മഞ്ചേശ്വരത്ത്, രണ്ട് സിറ്റിങ് സീറ്റുകളും നഷ്ടമായി എൽഡിഎഫ്, രണ്ടും പിടിച്ചെടുത്ത് യുഡിഎഫ്

ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഉയർന്ന ഭൂരിപക്ഷം മഞ്ചേശ്വരം മണ്ഡലത്തിൽ.
സിറ്റിങ് എംഎൽഎയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവുമായ എ.കെ.എം.അഷ്‌റഫ് ഇവിടെ 29, 252 വോട്ടുകളാണ് നേടിയത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 96,948 വോട്ടുകൾ ഇദ്ദേഹം നേടി. ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ 67, 696 വോട്ടുകൾ നേടി രണ്ടാമതെത്തി. സിപിഎം സ്ഥാനാർത്ഥി കെ.ആർ.ജയാനന്ദ കേവലം 21, 212 വോട്ടുകൾ മാത്രമാണ് നേടിയത്. സഞ്ജീവൻ (ബിഎസ്പി- 212), സ്വതന്ത്രസ്ഥാനാർത്ഥികളായ ജീൻ ലവീനോ മൊന്തേരോ (523), കണ്ണൂർ അബ്ദുല്ല മാസ്റ്റർ (285), ഡി.സുരന്ദ്രേൻ നായർ (203), അബ്ദുല്ലത്തീഫ് (79), മുഹമ്മദ് അഷ്‌റഫ് (78), കെ.എ.മുഹമ്മദ് അഷ്‌റഫ് (64), ജോൺ ഡിസൂസ (46) എന്നിങ്ങനെയാണ് മറ്റു സ്ഥാനാർത്ഥികൾ നേടിയത്. നോട്ടയ്ക്ക് 455 വോട്ടുകൾ കിട്ടി.
ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനം കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മുസ് ലിം ലീഗിലെ കല്ലട്ര മാഹിൻ ഹാജിക്കാണ്. 76,396 വോട്ടുകൾ നേടിയ ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം 22, 698 വോട്ടുകളാണ്. ബിജെപി സ്ഥാനാർത്ഥി എം.എൽ അശ്വിനിയാണ് 53, 698 വോട്ടുകളോടെ രണ്ടാം സ്ഥാനത്ത്. സ്വതന്ത്ര സ്ഥാനാർത്ഥികളായ ഷാനവാസ് പാദൂർ (36, 678), എ.എ.ഷാനവാസ് (893), ബി.എം.മുഹമ്മദലി ഫത്താഹ് (824), നോട്ട (714) എന്നിങ്ങനെയാണ് മറ്റുള്ള വോട്ടിങ് നില. 
ജില്ലയിൽ മൂന്ന് സിറ്റിങ് സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് ഇതിൽ രണ്ടെണ്ണവും നഷ്ടമായി. 79, 920 വോട്ടുകൾ നേടി 15,316 വോട്ടുകളോടെ വിജയിച്ച സിപിഐയിലെ അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിലാണ് കാഞ്ഞങ്ങാട് മണ്ഡലം നിലനിർത്തിയത്. ഉദുമയിൽ സിറ്റിങ് എംഎൽഎ, സിപിഎമ്മിലെ അഡ്വ.സി.എച്ച്.കുഞ്ഞമ്പു 4847 വോട്ടിനും തൃക്കരിപ്പൂരിൽ സിപിഎം നേതാവ് ഡോ.വി.പി.പി.മുസ്തഫ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സന്ദീപ് വാര്യർ 4431 വോട്ടുകളുടെയും ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി. ഉദുമ സീറ്റ് പിടിച്ചെടുത്ത യുഡിഎഫ് എൽഡിഎഫിന് മൃഗീയഭൂരിപക്ഷം ലഭിച്ചു കൊണ്ടിരുന്ന തൃക്കരിപ്പൂർ മണ്ഡലം ഇതാദ്യമായി കൈപ്പിടിയിലൊതുക്കി. ജില്ലയിൽ മികച്ച ഭൂരിപക്ഷം നേടിക്കൊണ്ടിരുന്ന രണ്ട് സിറ്റിങ് സീറ്റുകളും നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് എൽഡിഎഫും സിപിഎമ്മും.

No comments