Breaking News

നീലേശ്വരം ജനത കലാസമിതി വാർഷികാഘോഷവും നാടകാവതരണവും മെയ് 9ന്

നീലേശ്വരം ജനത കലാസമിതിയുടെ 72-ാം വാർഷികാഘോഷവും നാടകാവതരണവും മെയ് 9 ശനിയാഴ്ച‌ വൈകീട്ട് 6ന് പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും.സംഘാടകസമിതി ചെയർമാൻ പിനാൻ നീലേശ്വരത്തിന്റെ അധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉൽഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി മുഖ്യാഥിതിയാകും. സമിതിയുടെ മുൻ പ്രസിഡൻ്റ് പി. ബാലകൃഷ്ണൻ ഐഎഎസ് റാങ്ക് ജേതാവ് കാജൽ രാജു, ഇന്റർനാഷണൽ ഹ്യൂമൻ റൈറ്സ് എക്‌സലൻസി അവാർഡ് നേടിയ അനു മനോജ്, ചെന്നൈയിലെ സവിത ഡെന്റൽ കോളേജിൽ നിന്നും എൻഡോഡോണ്ടിക്‌സിൽ പിഎച്ച്‌ഡി നേടിയ നീന ചന്ദ്രൻ എന്നിവരെ ചടങ്ങിൽ അദരിക്കും. ഉത്തര മലബാറിൽ നാടകകലക്ക് പ്രചാരം നേടി കൊടുക്കുകയും ഒട്ടേറെ അമേചർ നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്ത നീലേശ്വരം ജനതകലാസമിതി വീണ്ടും ഒരു നാടകം രംഗത്തെത്തിക്കുന്നു എന്ന പ്രത്യേകത കൂടി ഇപ്രാവശ്യത്തെ വാർഷികാഘോഷത്തിനുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു. ഫ്രാൻസിസ് ടി മാവേലിക്കര രചന നിർവഹിച്ച് ഗംഗൻ ആയിറ്റിയുടെ സംവിധാനത്തിൽ കലാസമിതി അംഗങ്ങൾ അഭിനയിക്കുന്ന 'അയൽക്കൂട്ടം' എന്ന നാടകത്തിൻ്റെ അവതരണമാണ് നടക്കുക. കൂടാതെ കലാസമിതി അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരവും ഉണ്ടാകും.
പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പിനാൻ നീലേശ്വരം, വർക്കിംഗ് ചെയർമാൻ എം. രാജാഗോപാലൻ നായർ, ജനറൽ കൺവീനർ വി കെ രാമചന്ദ്രൻ, പ്രോഗ്രാം, കമ്മിറ്റി കൺവീനർ കെ എം ശ്രീധരൻ, പബ്ലിസിറ്റി കൺവീനർ പ്രഭൻ നീലേശ്വരം തുടങ്ങിയവർ സംബന്ധിച്ചു.

No comments