Breaking News

മഹാകവി പി സ്മാരക സമിതിയുടെ 2026 ലെ പി സാഹിത്യ പുരസ്കാരം പി.പ്രേമചന്ദ്രന്

കാഞ്ഞങ്ങാട് മഹാകവി പി സ്മാരക സമിതിയുടെ 2026 ലെ പി സാഹിത്യ പുരസ്കാരം എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി.പ്രേമചന്ദ്രന്.
ഇദ്ദേഹം എഴുതിയ ചിരിച്ചു മരിച്ച ക്ലാസ് മുറികൾ എന്ന പുസ്തകമാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. പി സ്മാരക സമിതി ഭാരവാഹികളായ ഡോ.കെ.വി. സജീവൻ, എം.കുഞ്ഞമ്പു പൊതുവാൾ, എം.കണ്ണൻ നായർ, സുരേഷ് മോഹൻ, അഡ്വ.കെ.വി.ചന്ദ്രൻ എന്നിവർ കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 20,000 രൂപയും ഫലകവുമാണ് പുരസ്കാരം. പി സ്മാരക സമിതി നൽകുന്ന അഞ്ചാമത് സാഹിത്യ പുരസ്കാരമാണിത്. വിദ്യാഭ്യാസ വിചക്ഷണരായ റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം.ബാലൻ, ഡോ.പി.രാജൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.കുഞ്ഞമ്പു പൊതുവാൾ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് ജേതാവ് പി.പ്രേമചന്ദ്രൻ പയ്യന്നൂർ സ്വദേശിയാണ്. അറിയപ്പെടുന്ന വാദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനും സിനിമാ നിരൂപകനുമാണ്. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണ ശ്രമങ്ങളില്‍ പങ്കാളിയായിരുന്നു. വിദ്യാഭ്യാസം, സിനിമ മേഖലകളെക്കുറിച്ച് അച്ചടി/ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. ദൃശ്യതാളം. ചലച്ചിത്രസമീക്ഷ തുടങ്ങിയ ചലച്ചിത്ര മാസികകളില്‍ തുടര്‍ച്ചയായി എഴുതിവരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ 'കോളേജിലേക്ക് തോല്‍ക്കുന്നവര്‍' എന്ന ലേഖനം 2010 ല്‍ മികച്ച വിദ്യാഭ്യാസ ലേഖനത്തിനുള്ള കേരള സര്‍ക്കാരിന്റെ മാധ്യമപുരസ്‌കാരം നേടി. മികച്ച വിദ്യാഭ്യാസ പ്രബന്ധത്തിനുള്ള അധ്യാപകലോകം അവാര്‍ഡും നേടിയിട്ടുണ്ട്.
സെര്‍ബിയന്‍ സംവിധായകനായ എമിര്‍ കുസ്തുറിക്കയുടെ സിനിമകളെ ആധാരമാക്കിയുള്ള 'ആകാശത്തേക്കുള്ള വാതിലുകള്‍' എന്ന പുസ്തകം കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ചു. ചലച്ചിത്രപഠനങ്ങളുടെ സമാഹാരമായ 'കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍' എന്ന കൃതിയ്ക്ക് മികച്ച ചലച്ചിത്ര നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപണ ഗ്രന്ഥമായ 'സിനിമ എന്ന രൂപകം' പുസ്തകഭവന്‍ പയ്യന്നൂര്‍ പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസലേഖനങ്ങളുടെ സമാഹാരമായ 'പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി' കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പ്രസിദ്ധീകരിച്ചത്. മറ്റൊരു വിദ്യാഭ്യാസ ലേഖനസമാഹാരം 'ചിരി(ച്ചു)മരിച്ച ക്ലാസുമുറികള്‍' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു.
നിരവധി ലോക സിനിമകള്‍ക്ക് മലയാളം സബ്‌ടൈറ്റിലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നിരവധി ചലച്ചിത്ര പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ക്ലാസുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
ഹയര്‍ സെക്കന്ററി അധ്യാപകനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. പൊതു വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനപരമായി നിരീക്ഷിക്കുകയും ദീര്‍ഘകാലത്തെ തന്റെ അധ്യാപകനുഭവങ്ങള്‍, വിദ്യാഭ്യാസ രംഗത്തുണ്ടായ പരിഷ്‌കരണങ്ങള്‍, അവയുടെ സിദ്ധാന്തപരമായ സാധുതകള്‍ എല്ലാം ചേര്‍ത്ത് വിശകലനം ചെയ്യുന്ന കൃതിയാണ് 'ചിരിച്ചു മരിച്ച ക്ലാസ് മുറികള്‍' എന്ന് ജൂറി വിലയിരുത്തി. സംവാദാത്മകമായ ക്ലാസ്‌റൂം അന്തരീക്ഷം, സുരക്ഷിതവുംസര്‍ഗാത്മകവുമായ പഠനപ്രക്രിയകള്‍, ജീവിക്കാന്‍ പഠിപ്പിക്കുന്ന അധ്യാപകര്‍, അതിനു പര്യാപ്തമായ കരിക്കുലം, വിദ്യാഭ്യാസ പ്രക്രിയയില്‍ കുട്ടിയോടൊപ്പം നടക്കുന്ന രക്ഷിതാക്കള്‍, എല്ലാത്തിനും അരങ്ങൊരുക്കുന്ന ഭരണ വ്യവസ്ഥ തുടങ്ങി വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള സമകാലികമായ എല്ലാ വിഷയങ്ങളെയും ആഴത്തിലുള്ള ആലോചനക്ക് വിധേയമാക്കുകയാണ് ഈ കൃതിയില്‍ പി പ്രേമചന്ദ്രന്‍ ചെയ്തിരിക്കുന്നത്. മിക്കതിനും ഈ വിദ്യാഭ്യാസ പ്രവര്‍ത്തകന് ബദലുകള്‍ ഉണ്ട്. നിര്‍ദ്ദേശിക്കുന്ന ബദലുകള്‍ എല്ലാം സൈദ്ധാന്തികമായി സാധുവും ശാസ്ത്രീയവും പ്രായോഗികവുമാണ് താനും എന്നും ജൂറിയംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.
2026 മെയ് 17ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പി.മുരളീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രസിദ്ധ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കുരീപ്പുഴ ശ്രീകുമാര്‍ പി. സാഹിത്യ പുരസ്‌കാരം നല്‍കും. പി സ്മാരക പ്രഭാഷണവും അദ്ദേഹം നിര്‍വ്വഹിക്കും. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ ഇ പി രാജഗോപാലനെ കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് ആദരിക്കും. കവി ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്റെ 'സബ്‌ദെല്ലജോതെയിലെ സിംഹ സൂര്യന്‍', 'സ്ഫുലിംഗങ്ങളുടെ നൃത്തശാല' എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ കുരീപ്പുഴ പ്രകാശനം ചെയ്യും. സി പി ശുഭ ഏറ്റുവാങ്ങും. ഡോ.കെ.വി. സജീവന്‍ സ്വാഗതവും പപ്പന്‍ കുട്ടമത്ത് നന്ദിയും പറയും. ഉച്ചക്ക് 2 മണി മുതല്‍ കലാകേന്ദ്രത്തിലെ കലാകാരന്‍മാരുടെ നൃത്ത സംഗീത പരിപാടികളും ലഘു നാടകവും അരങ്ങേറും.

No comments