Breaking News

മുണ്ടേമ്മാട് പാലത്തിന്റെ ടെണ്ടറിന് അനുമതി

തൃക്കരിപ്പൂർ മണ്ഡലത്തിലെ മുണ്ടേമ്മാട് പാലത്തിന്റെ ടെണ്ടറിന് മന്ത്രിസഭായോഗം അനുമതി നൽകിയതായി എം രാജഗോപാലൻ എം എൽ എ അറിയിച്ചു.
ആറ്തവണ ടെണ്ടർ ചെയ്യേണ്ടിവന്ന പ്രസ്തുത പ്രവർത്തി ആദ്യത്തെ നാലുതവണയും കരാറുകാർ ഏറ്റെടുത്തില്ല. തുടർന്ന് അഞ്ചാം തവണ ടെൻഡർ ക്ഷണിച്ചതിൽ പങ്കെടുത്ത കരാറുകാർ വളരെ ഉയർന്ന തുക രേഖപ്പെടുത്തിയതിനാലാണ് ആറാമത്തെ തവണ വീണ്ടും ടെൻഡർ ചെയ്തത്. ഇതിലും എസ്റ്റിമേറ്റ് തുകയേക്കാൾ ഉയർന്ന നിരക്കിൽ കോട്ട് ചെയ്തത് കൊണ്ടാണ് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമായി വന്നതും. ഇതിനെ തുടർന്ന് എം.എൽ.എ. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരിൽകണ്ട് പദ്ധതി നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത വിശദീകരിക്കുകയും ഇതിന്റെയടിസ്ഥാനത്തിൽ മന്ത്രിസഭായോഗം അനുമതി നൽകുകയും ചെയ്തു.
മുണ്ടേമ്മാട് ദ്വീപിലേക്ക് റോഡ് വഴി എത്തിച്ചേരാനുള്ള ഏക മാർഗ്ഗമായ നിലവിലുള്ള വൺവേ ബ്രിഡ്ജ് അപകടാവസ്ഥയിൽ ആയതിനെ തുടർന്നാണ് 2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് നൽകിയ പദ്ധതി നിർദ്ദേശങ്ങളിൽ ഈ പാലം കൂടി ഉൾപ്പെടുത്തി സർക്കാരിന് സമർപ്പിച്ചത്.
പദ്ധതിയുടെ ഡിസൈനും ഡിപിആറും തയ്യാറാക്കിയത് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗമാണ്. 26 മീറ്ററിന്റെ 3 സ്പാനുകൾ അടങ്ങിയ പാലത്തിന് 78 മീറ്ററാണ് നീളം. 11 മീറ്റർ വീതിയില്‍ വിഭാവനം ചെയ്തിട്ടുള്ള പാലത്തിന് ഇരു ഭാഗങ്ങളിലും നടപ്പാത ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൈൽ ഫൗണ്ടേഷൻ ഉപയോഗിച്ചാണ് പാലം നിർമ്മിക്കുക.
500മീറ്റർ അപ്രോച്ച് റോഡ് നിർമ്മിക്കും. 8 മീറ്റർ റോഡ് വേയിൽ 5.5 മീറ്റർ കേര്യേജ് വേ ആധുനിക നിലവാരത്തിലുള്ള മെക്കാഡം ടാറിങ് നടത്താനും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

No comments