Breaking News

മത്സരങ്ങൾ പുരോഗമിക്കുന്നു; സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവം ഇന്ന് സമാപിക്കും

മടിക്കൈ ബങ്കളത്ത് നടന്നു വരുന്ന സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവത്തിൽ നാല് വേദികളിലായി മത്സരങ്ങൾ ഏതാണ്ട് സമയബന്ധിതമായി പുരോഗമിക്കുകയാണ്. ബങ്കളം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന വേദിയിൽ സംഘനൃത്തമാണ് നടന്നു വരുന്നത്. സഹൃദയ വായനശാല ഗ്രൗണ്ടിലെ രണ്ടാം വേദിയിൽ മൊഞ്ചുള്ള ചുവടുകളുമായി ഒപ്പന മത്സരവും നടന്നുവരികയാണ്. സ്കൂൾ വളപ്പിലെ മറ്റ് രണ്ട് ചെറു വേദികളിൽ ഓഫ് സ്റ്റേജ് ഇനങ്ങളും രചനാ മത്സരങ്ങളുമാണ് നടന്നു വരുന്നത്. വിജയി കൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും പ്രധാന വേദിക്കരികിൽ സജ്ജീകരിച്ചു കഴിഞ്ഞു. ഓവറോൾ ചാമ്പ്യന്മാർക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികൾക്ക് പുറമെ കലാപ്രതിഭ, കലാതിലകം പട്ടങ്ങളുമുണ്ട്. ഇന്നും ഇന്നലെയുമായി കലോത്സവ നഗരിയിലെത്തിയവർക്ക് വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ സദ്യയും പ്രാതലും നാട്ടുകൂട്ടായ്മയിൽ ഒരുക്കി. മുൻ എംപി, പി.കരുണാകരൻ, മുൻ എംഎൽഎ, എം.രാജഗോപാലൻ, നീലേശ്വരം നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ്‌റാഫി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.രാജൻ, എസ്. പ്രീത, മടിക്കൈ പഞ്ചായത്തിലെ ജനപ്രതിനിധികൾ തുടങ്ങിയവർ ഇന്ന് കലോത്സവ നഗരിയിലെത്തി.

No comments