ജപ്പാൻ ഗവൺമെന്റിന്റെ അന്താരാഷ്ട്ര ‘ലോട്ടസ്’ ഗവേഷണ പദ്ധതിയിലേക്ക് മലയാളി ഗവേഷകൻ ശ്രീരാജ് പാക്കത്തും.
ഇന്ത്യയിലെ യുവ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ജപ്പാനിൽ ഉപരിപഠനത്തിനും സംയുക്ത ഗവേഷണത്തിനുമായി ജപ്പാൻ ഗവൺമെന്റ് നടപ്പിലാക്കുന്ന പ്രശസ്തമായ 'ലോട്ടസ് ബേസിക്' (LOTUS Basic) പ്രോഗ്രാമിലേക്ക് മലയാളി ഗവേഷകൻ ശ്രീരാജ് പാക്കത്തും തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (ജെ എസ് ടി) ഇന്ത്യയിലുടനീളമുള്ള പ്രതിഭാധനരായ ഗവേഷകരിൽ നിന്നും കർശനമായ മാനദണ്ഡങ്ങളോടെ തിരഞ്ഞെടുത്ത പട്ടികയിലാണ് ശ്രീരാജ് ഇടംപിടിച്ചത്.
ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം നൽകിവരുന്ന അന്താരാഷ്ട്ര ഫെലോഷിപ്പാണിത്. നിലവിൽ കാലിക്കറ്റ് സർവകലാശാല നാനോസയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ, ഡോ. ഷിബു ഇ എസിന്റെ കീഴിൽ ഗവേഷകനാണ് ശ്രീരാജ്.
പദ്ധതിയുടെ ഭാഗമായി, ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ മെട്രോപൊളിറ്റൻ സർവ്വകലാശാലയിൽ ഒരു വർഷത്തെ ഗവേഷണത്തിനാണ് ശ്രീരാജിന് അവസരം ലഭിച്ചിരിക്കുന്നത്. അവിടെ "നാനോ ക്ലസ്റ്റർ അധിഷ്ഠിത ഇലക്ട്രോണിക് സംയോജനവും ഊർജപരിവർത്തന സാങ്കേതിക വിദ്യകളും" എന്ന നൂതന മേഖലയിലാണ് ശ്രീരാജ് സംയുക്ത ഗവേഷണം നടത്തുക.
ഗവേഷണ കാലയളവിലേക്കുള്ള പൂർണ്ണമായ താമസച്ചെലവും മറ്റ് യാത്രാ ആനുകൂല്യങ്ങളും ജപ്പാൻ ഗവൺമെന്റാണ് വഹിക്കുന്നത്. നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ കുളങ്ങാട്ടു വീട്ടിൽ മോഹനൻ പ്രീതി ദമ്പതികളുടെ മകനാണ് ശ്രീരാജ്. സഹോദരൻ അഭിരാജ് പി. അടുത്ത മാസം ശ്രീരാജ് ഗവേഷണത്തിനായി ജപ്പാനിലേക്ക് തിരിക്കും.
No comments