പരപ്പയിൽ ഇന്നു രാവിലെ തുടങ്ങിയ അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു: സമരം പിൻവലിച്ചത് കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടു നടത്തിയ ചർച്ചയെ തുടർന്ന്
വ്യാപാരികളും നിയമപാലകരും ബസ് മേഖലയോട് ദ്രോഹബുദ്ധി കാട്ടുന്നുവെന്നാരോപിച്ച് പരപ്പയിൽ ബസ് തൊഴിലാളികൾ ഇന്നു രാവിലെ തുടങ്ങിയ അനിശ്ചിതകാല ബസ് സമരം ചർച്ചയെ തുടർന്ന് പിൻവലിച്ചു.
കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഇടപെട്ട് ആർ. ടി. ഒയുടെ സാന്നിധ്യത്തിൽ ബസ് ഉടമകൾ, ബസ് തൊഴിലാളികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്‌നപരിഹാരമായത്. വർഷങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമായി പരപ്പയിൽ ഉടൻ ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സ്വകാര്യ ബസുകൾക്ക് നേരെയുള്ള അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ച് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചത്. പ്രശ്‌നപരിഹാരമില്ലെങ്കിൽ നാളെ മുതൽ പരപ്പയിലേക്കുള്ള മുഴുവൻ ബസുകളും സർവീസ് നിർത്തിവെക്കാനായിരുന്നു തീരുമാനം. പരപ്പയിൽ ബസ് നിർത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ റോഡ് അരികിലായിരുന്നു പാർക്കിങ്.എന്നാൽ ചില വ്യാപാരികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആർ.ടി.ഒ താഴെ പരപ്പയിൽ റോഡരികിൽ ബസ് വരുന്നത് തടയുകയുണ്ടായി.
തുടർന്ന് ബസുകൾ മുകളിലെ പരപ്പ ജങ്ഷനിൽ വെക്കാൻ തുടങ്ങിയെങ്കിലും, അവിടെ വണ്ടി വെക്കുന്നതിന്റെ പേരിൽ എല്ലാ പ്രൈവറ്റ് ബസുകാർക്കും 1000 രൂപ വീതം ഫൈൻ ഈടാക്കുന്ന സാഹചര്യമുണ്ടായി. പ്രതിസന്ധിയിലായ ബസ് മേഖലയെ ചില വ്യാപാരികളും നിയമപാലകരും ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ബസ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങുന്നത്
ഏഴു വർഷം മുൻപ് അനുമതി ലഭിച്ചിട്ടും പരപ്പയിൽ ബസ്‌സ്റ്റാൻഡ് നിർമ്മാണം യാഥാർത്ഥ്യമാകാത്തതാണ് നിലവിലെ മുഴുവൻ പ്രതിസന്ധികൾക്കും കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപയുടെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അലംഭാവമാണ് ഉണ്ടായതെന്നും ഇവർ പറയുന്നു. പരപ്പയിലെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തരമായി ബസ്‌സ്റ്റാൻഡ് നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും പ്രധാന ആവശ്യം.
No comments