ടിക്കറ്റ് തർക്കം; യാത്രക്കാരനെ ബസ് കണ്ടക്ടർ കഴുത്ത് ഞെരിച്ച് മർദ്ദിച്ചു.
യഥാർത്ഥ സ്റ്റോപ്പിലേക്ക് ടിക്കറ്റ് നൽകാത്തത് ചോദ്യം ചെയ്ത യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ കഴുത്ത് പിടിച്ച് ഞെരിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി. പടന്നക്കാട് നെഹ്റു കോളേജ് ജീവനക്കാരനും പൊതുപ്രവർത്തകനുമായ കരിന്തളം കുമ്പളപ്പള്ളിയിലെ വി.വി. രാജ്മോഹനൻ (54) ആണ് ആക്രമണത്തിനിരയായതെന്ന് പരാതിയിൽ പറയുന്നത്.
ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി രാജ്മോഹനൻ കെ.എൽ. 60 എക്സ് 8494 നമ്പറിലുള്ള മൂകാംബിക സ്വകാര്യ ബസിൽ കോയിത്തട്ടയിൽ നിന്ന് കയറി പടന്നക്കാട് നെഹ്റു കോളേജ് സ്റ്റോപ്പിലേക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ നെഹ്റു കോളേജിന് മുന്നിൽ സ്റ്റോപ്പില്ലെന്നും വേണമെങ്കിൽ നീലേശ്വരത്തേക്ക് ടിക്കറ്റ് എടുക്കാമെന്നും പറഞ്ഞ് കണ്ടക്ടർ 23 രൂപയുടെ ടിക്കറ്റ് നൽകിയെന്നാണ് പരാതി.
സ്ഥിരമായി ഈ റൂട്ടിൽ യാത്ര ചെയ്യുന്ന ആളെന്ന നിലയിൽ നെഹ്റു കോളേജിന് സമീപം സ്റ്റോപ്പ് ഉണ്ടെന്ന് രാജ്മോഹനൻ കണ്ടക്ടറോട് പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് ബസ് നീലേശ്വരത്ത് എത്തിയപ്പോൾ, നീലേശ്വരം കഴിഞ്ഞുള്ള അടുത്ത സ്റ്റേജ് ഏതാണെന്ന് രാജ്മോഹനൻ ചോദിച്ചു. അതിന് നെഹ്റു കോളേജാണെന്ന് കണ്ടക്ടർ തന്നെ സമ്മതിച്ചതായും പരാതിയിൽ പറയുന്നു.
ഇതിന് ശേഷം നെഹ്റു കോളേജിലേക്കുള്ള ടിക്കറ്റ് നൽകാതിരുന്നതിന്റെ കാരണം ചോദിച്ചതോടെ കണ്ടക്ടർ പ്രകോപിതനായി സംസാരിക്കുകയും കഴുത്തിൽ പിടിച്ച് അമർത്തുകയും കൈയ്യേറ്റം നടത്തുകയും ചെയ്തുവെന്നാണ് രാജ്മോഹനന്റെ പരാതി. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ചായിരുന്നു സംഭവം നടന്നതെന്നും ഇതുമൂലം താൻ അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ പരിക്കേറ്റ രാജ്മോഹനൻ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നീലേശ്വരം പൊലീസിൽ പരാതി നൽകി. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ, കാസർകോട് ആർ.ടി.ഒ, കാഞ്ഞങ്ങാട് ജോയിന്റ് ആർ.ടി.ഒ എന്നിവർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്.
യാത്രക്കാരൻ ആവശ്യപ്പെട്ട നിയമാനുസൃത സ്റ്റോപ്പിലേക്ക് ടിക്കറ്റ് നൽകാതിരിക്കുകയും, അത് ചോദ്യം ചെയ്തതിന് കൈയ്യേറ്റം നടത്തുകയും ചെയ്തത് മോട്ടോർ വാഹന നിയമങ്ങളുടെയും പൊതുഗതാഗത സേവനച്ചട്ടങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതി നടപ്പിലായതിനെ തുടർന്ന് സ്വകാര്യ ബസ് മേഖല വിവിധ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, യാത്രക്കാരനോട് സ്വകാര്യ ബസ് ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതി വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്
No comments