ഡോക്ടർമാരുടെ കടുത്ത ക്ഷാമം; ആരോഗ്യ മേഖല പ്രതിസന്ധിയിൽ ഇടപെടണമെന്ന് യു.ഡി.എഫ്.
ഡോക്ടർമാരുടെ കടുത്ത ക്ഷാമം; ആരോഗ്യ മേഖല പ്രതിസന്ധിയിൽ
ഇടപെടണമെന്ന് യു.ഡി.എഫ്.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെയും കാസർഗോഡ് ജില്ലയിലെയും സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം മൂലം ചികിത്സ ലഭിക്കാതെ രോഗികൾ ദുരിതത്തിൽ.
ജില്ലയിലെ പ്രധാനപ്പെട്ട റഫറൽ ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ഡോക്ടർമാരുടെ ഒഴിവുകൾ കാരണം പ്രതിസന്ധി നേരിടുന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആകെയുള്ള 51 ഡോക്ടർ തസ്തികകളിൽ 21 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്.
നിലവിൽ 30 ഡോക്ടർമാർ മാത്രമാണ് സേവനം ചെയ്യുന്നത്.
ഏറ്റവും അടിയന്തരമായി ചികിത്സ ലഭ്യമാക്കേണ്ട കാഷ്വാലിറ്റി വിഭാഗത്തിൽ 6 ഡോക്ടർമാരുടെ തസ്തികയുണ്ടെങ്കിലും നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്.അതിനാൽ അടിയന്തര ചികിത്സ പോലും ലഭിക്കാത്ത അവസ്ഥയാണ്. കാഷ്വാലിറ്റിയിൽ അടിയന്തരമായി 5 ഡോക്ടർമാരെ നിയോഗിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
അസിസ്റ്റന്റ് ഡയറക്ടർ,
അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ,
സീനിയർ കൺസൾട്ടന്റ്,
കാർഡിയോളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഓർത്തോ, ഇ.എൻ.ടി, അനസ്തേഷ്യ എന്നിവയിൽ കൺസൾട്ടന്റുകൾ
ഓർത്തോ, ജനറൽ മെഡിസിൻ, സൈക്യാട്രി, അസി. ഡെന്റൽ സർജൻ, ബ്ലഡ് ബാങ്ക് എന്നിവയിൽ ജൂനിയർ കൺസൾട്ടന്റുകൾ എന്നിങ്ങനെ 14 ഒഴിവുകളുണ്ട്.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.പൂടങ്കല്ല് താലൂക്ക് ഗവ. ആശുപത്രിയിൽ 9 ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്.
വെള്ളരിക്കുണ്ട് ബ്ലോക്ക് ആശുപത്രിയിൽ 5 ഉം ഡോക്ടർമാരുടെ കുറവുണ്ട്.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ മുഴുവൻ കേന്ദ്രങ്ങളിലും 1 മുതൽ 3 വരെ ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. ഡോക്ടർമാരില്ലാത്തതിനാൽ പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉച്ചയ്ക്ക് 1 മണിയോടെ തന്നെ ഒ.പി അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്.
പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ നടത്തി ഒഴിവുകൾ നികത്തണമെന്നും ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും യു.ഡി.എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവീനർ സി.വി.ഭാവനന്റെ നേതൃത്വത്തിൽ നേതാക്കൾ മുഖ്യമന്ത്രി വി.ഡി.സതീശനും ആരോഗ്യമന്ത്രി കെ.മുരളീധരനും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കർണാടകയിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് കേരളത്തിൽ സേവനം അനുഷ്ഠിക്കാനും തിരിച്ച് പോകുമ്പോഴും അനാവശ്യ എൻ.ഒ.സി നിബന്ധനകൾ ഒഴിവാക്കി താത്കാലിക നിയമനം നൽകിയാൽ അടിയന്തിര പരിഹാരമാകുമെന്ന് നിവേദനത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശ് സർക്കാർ മറ്റ് സംസ്ഥാനങ്ങളിലെ ഡോക്ടർമാരെ പരിഗണിച്ചത് പോലെ ഇവിടെയും താൽക്കാലിക നിയമനങ്ങൾക്കുള്ള തടസ്സങ്ങൾ മാറ്റണം.
പുറത്തുള്ള മെഡിക്കൽ കോളേജുകളിൽ നിന്ന് ഹൗസ് സർജൻമാരെ ജില്ലാ ആശുപത്രിയിലേക്ക് അനുവദിക്കണമെന്നും നിവേദനത്തിൽ പറഞ്ഞു.
നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് അടിയന്തരമായി നിയമനം നടത്തുകയും താത്കാലിക ഡോക്ടർമാരുടെ കുറഞ്ഞ ശമ്പളം വർദ്ധിപ്പിച്ച് കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് നിവേദനത്തിൽ അറിയിച്ചു.
ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ. മധുസൂദനൻ ബാലൂർ, കോടോം ബേളൂർ മണ്ഡലം സെക്രട്ടറി കെ സി ജിജോമോൻ, ബിനോയ് ആന്റണി എണ്ണപ്പാറ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
No comments