Breaking News

വോട്ടെണ്ണൽ വിജയകരമായി പൂർത്തിയായി: എല്ലാവർക്കും നന്ദി: ജില്ലാ കളക്ടർ

കാസർകോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടപടികൾ സമാധാനപരവും സുതാര്യവുമായി വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച മുഴുവൻ രാഷ്ട്രീയകക്ഷി പ്രതിനിധികൾക്കും കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കും വിവിധ തെരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിച്ച ഉദ്യോഗസ്ഥർക്കും സുരക്ഷാ സേനാംഗങ്ങൾക്കും പൊതുജനങ്ങൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അർജുൻ പാണ്ഡ്യൻ ഐഎഎസ് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.
ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാനഘട്ടമായ വോട്ടെണ്ണൽ സമാധാനപരമായി പൂർത്തിയാക്കുന്നതിൽ എല്ലാവരും കാഴ്ചവെച്ച സഹകരണവും ഉത്തരവാദിത്വബോധവും മാതൃകാപരമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ, കൗണ്ടിംഗ് സൂപ്പർവൈസർമാർ, മൈക്രോ ഒബ്സർവർമാർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സംവിധാനത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും അതീവ ജാഗ്രതയോടെയും കൃത്യതയോടെയും ചുമതല നിർവഹിച്ചതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ സമയവും രാഷ്ട്രീയകക്ഷി പ്രതിനിധികൾ പുലർത്തിയ സഹകരണ മനോഭാവവും ജനങ്ങൾ കാട്ടിയ സഹിഷ്ണുതയും ക്രമസമാധാനം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായും ജില്ലാ കലക്ടർ ചൂണ്ടിക്കാട്ടി.
അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും വരണാധികാരികൾ തെരഞ്ഞെടുപ്പ് കാലയളവൊട്ടാകെ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും, ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള സേവനമാണ് അവർ നിർവഹിച്ചതെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. അവരുടെ സമർപ്പണബോധവും കർത്തവ്യനിർവഹണവും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments