അത് ലറ്റിക്സ്: ഈ വർഷം മുതൽ ജില്ലാ തല മീറ്റ് റെക്കോർഡ് ബുക്ക്; മറ്റു പ്രത്യേകതകളും
കാസറഗോഡ് ജില്ലാ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഈ വർഷം മുതൽ ജില്ലാ തല മീറ്റ് റെക്കോർഡ് ബുക് ഏർപ്പെടുത്തും.
ജില്ലാ മത്സരങ്ങളിലെ ഉയർന്ന വേഗവും ദൂരവും ഉയരവും അടയാളപ്പെടുത്താനാണിത്. അടുത്ത വർഷം മുതൽ ഇത് മറികടക്കുന്നത് റെക്കോർഡ് ഭേദിക്കൽ ആയി പ്രഖ്യാപിക്കും. ജില്ലാ തല മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് പതിവു പോലെ ഇക്കുറിയും സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ മൂന്ന് മുതൽ ആറ് വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ്. ഇതിന് മുന്നോടിയായി ഒരാഴ്ച ഇ.എം.എസ്. സ്റ്റേഡിയത്തിൽ തന്നെ ഇവർക്ക് ട്രാക്ക്, ഫീൽഡ് പരിശീലനം ഉണ്ടാകും. ഇതിനായി സ്പോർട്സ് കേരള ഫൗണ്ടേഷന് ജില്ലാ അത് ലറ്റിക് അസോസിയേഷൻ അപേക്ഷ നൽകിക്കഴിഞ്ഞു. ജില്ലാ ചാമ്പ്യൻഷിപ്പിലെ വിജയികളിൽ അണ്ടർ 14, 16 ആൺ, പെൺകുട്ടികളിൽ 13 പേർക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിന് പുറമെ ദേശീയ അത് ലറ്റിക് ഫെഡറേഷൻ ഹൈദരാബാദിൽ നടത്തുന്ന നിഡ്ജാം (NIDJAM) മേളയിലും പങ്കെടുക്കാൻ അവസരം ഉണ്ടാകും. ജില്ലാതലത്തിൽ നിന്ന് നേരിട്ട് നടത്തുന്ന ദേശീയ മേളയാണിത്. ദേശീയ അത് ലറ്റിക് ഫെഡറേഷൻ നിശ്ചയിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് വിജയിക്കുന്നവരെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുക. ഇപ്രാവശ്യം മുതൽ മേളയുടെ രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനം വരെ എല്ലാ നടപടികളും ഓൺലൈൻ ആണെന്ന പ്രത്യേകതയും ഉണ്ട്.
No comments