Breaking News

രാജാ റോഡ് വികസനം: ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക കൈമാറി

നഗരവികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന നീലേശ്വരം രാജാ റോഡ് വികസന പദ്ധതി യാഥാർഥ്യത്തിലേക്ക്. രാജാ റോഡ് വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി അവകാശ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള ന്യായമായ നഷ്ടപരിഹാരത്തുക 95 ഭൂവുടമകൾക്ക് കൈമാറി. ആകെ 7,68,46,574 രൂപയാണ് വിതരണം ചെയ്തത്.

ബാക്കിയുള്ള 44 ഭൂവുടമകളുടെ ഫയലുകൾ ജില്ലാ കളക്ടറുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. 34 ഭൂവുടമകൾ ഇതുവരെ ആവശ്യമായ കൃത്യമായ രേഖകൾ ഹാജരാക്കിയിട്ടില്ല. രേഖകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവർക്കുള്ള നഷ്ടപരിഹാരത്തുക അനുവദിക്കും. കക്ഷികൾക്ക് അറിയിപ്പ് നൽകിയിട്ടും ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവരുടെ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

നിരവധി സാങ്കേതിക തടസ്സങ്ങൾ മറികടന്നാണ് രാജാ റോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിച്ചത്. ആദ്യം അനുവദിച്ച 40.09 കോടി രൂപയ്ക്ക് പുറമെ 12 കോടിയിലധികം രൂപ അധികമായി അനുവദിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ 15.85 കോടി രൂപ പദ്ധതി നിർവഹണം നടത്തുന്ന റവന്യൂ വകുപ്പിന് ഈ വർഷം ഫെബ്രുവരി മാസത്തിൽ തന്നെ കൈമാറിയിരുന്നു. പ്രസ്തുത തുകയിൽ നിന്നാണ് ഇപ്പോൾ ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത്.

ബാക്കിയുള്ള ഭൂവുടമകൾക്കും എത്രയും വേഗം നഷ്ടപരിഹാരത്തുക കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ രാജാ റോഡ് വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗം കൈവരിക്കുമെന്നും അതുവഴി നീലേശ്വരം നഗരവികസനത്തിനും വലിയ മുന്നേറ്റമുണ്ടാകുമെന്നും നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.

No comments