ആകാശപാത സമരം: ജനകീയ സമരസമിതിക്കെതിരായ നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട് അപലപനീയമെന്ന് ജനകീയസമര സമിതി; സമരം കൂടുതൽ ശക്തമാക്കും
നീലേശ്വരം ആകാശപാതയ്ക്കായി ദിവസങ്ങളായി സമര രംഗത്തുള്ള ജനകീയ സമരസമിതിക്കെതിരെ നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി സ്വീകരിച്ച നിലപാട് അപലപനീയമെന്ന് സമിതി പ്രതികരിച്ചു.
ഏകോപന സമിതി നീലേശ്വരം യൂണിറ്റിന്റെ ബഹിഷ്‌കരണ നിലപാടിനെ ശക്തമായി അപലപിക്കുന്നതായി സമരസമിതി വ്യക്തമാക്കി. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ സുരക്ഷയ്ക്കുമായി സാധാരണക്കാർ സമാധാനപരമായി നടത്തി വരുന്ന സമരത്തെ ലേബൽ ഇല്ലാത്ത സംഘടന എന്ന് അധിക്ഷേപിച്ച് ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്. ജനകീയ സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ ലേബലിൽ അല്ല, മറിച്ച് നീലേശ്വരത്തിന്റെ വികസനം സ്വപ്‌നം കാണുന്ന സാധാരണ ജനങ്ങളുടെ കൂട്ടായ്മയിലാണ് നടക്കുന്നത്. ഇന്നു രാവിലെ 11 മണിയോടെ ഒരുപറ്റം വ്യാപാരികൾ സംഘമായി ജനകീയ സമരപ്പന്തലിലേക്ക് ഇരച്ചുകയറി നാടിനുവേണ്ടി സമരമിരിക്കുന്ന സാധാരണക്കാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണ്. സ്ഥലത്തുണ്ടായിരുന്ന നീലേശ്വരം പോലീസ് സബ് ഇൻസ്‌പെക്ടർമാരായ അജിത, രവി എന്നിവർ ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. ഇത് ജനകീയ സമരത്തോട് ഇവർക്കുള്ള പരസ്യമായ അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധ സ്വഭാവവുമാണ് വ്യക്തമാക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി. ആകാശപാതയ്ക്കായുള്ള ജനകീയ സമരം തുടങ്ങിയതിനു ശേഷം മുഖം രക്ഷിക്കുന്നതിനായി വളരെ വൈകി നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ തുടങ്ങിയ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അതേ സമയം ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ 65 ദിവസമായി സമര രംഗത്തുള്ള ജനകീയ സമരത്തെ ബഹിഷ്‌കരിക്കുകയും ചെയ്യുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട് നീലേശ്വരത്തെ ജനങ്ങൾക്ക് മനസിലാകുമെന്നും കൂട്ടിച്ചേർത്തു. ഇത്തരം സമ്മർദ തന്ത്രങ്ങൾ കൊണ്ട് ജനകീയ സമരത്തെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും ആകാശപാത യാഥാർത്ഥ്യമാകുന്നതു വരെ സമരം ശക്തമായി തുടരുമെന്നും നീലേശ്വരത്തെ മുഴുവൻ ജനങ്ങളും ജനകീയ സമരസമിതിക്കൊപ്പം നിലയുറപ്പിക്കണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു.
No comments