നീലേശ്വരം–രാജാ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമായി ; 172 ഫയലുകളുടെ ഹിയറിംഗ് ജൂൺ 9 മുതൽ
ഹൊസ്ദുർഗ് താലൂക്കിലെ നീലേശ്വരം വില്ലേജിൽ ഉൾപ്പെടുന്ന നീലേശ്വരം–രാജാ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം സർക്കാർ പുറത്തിറക്കി. വികസനത്തിനായി 0.3998 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമായി. ആകെ 15.87 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം (കേന്ദ്ര ആക്ട് 30/2013) വകുപ്പ് 19(1) പ്രകാരമുള്ള ഫോം നമ്പർ 10 പ്രഖ്യാപനമാണ് ജില്ലാ കലക്ടർ പ്രസിദ്ധീകരിച്ചത്.
കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയുടെ ഭാഗമായി കൈത്തൊഴിലാളികൾക്കും വ്യാപാരികൾക്കുമായി 30.50 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട 172 ഫയലുകളുടെ ഹിയറിംഗ് ജൂൺ 9 മുതൽ 12 വരെ നീലേശ്വരം നഗരസഭാ ഹാളിൽ നടക്കും.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖയും രേഖകളും സ്പെഷ്യൽ തഹസിൽദാർ (ഭൂമി ഏറ്റെടുക്കൽ) ഓഫീസിൽ പരിശോധനയ്ക്ക് ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായ നീലേശ്വരം നഗരമേഖലയിൽ റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ ആയിരക്കണക്കിന് യാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുകയും നഗരത്തിന്റെ സമഗ്ര വികസനത്തിന് പുതിയ ചുവട് വെപ്പ് ഉണ്ടാകുമെന്നും നഗരസഭ ചെയർമാൻ പിപി മുഹമ്മദ് റാഫി അറിയിച്ചു.
No comments