Breaking News

ദേശീയപാത നിര്‍മ്മാണം; കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാന്‍ നടപടി പൂര്‍ത്തിയാക്കണം**ജില്ലാ വികസന സമിതി യോഗം

കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ദേശീയപാത നിര്‍മ്മാണം പുരോഗമിക്കുന്ന പ്രദേശങ്ങളിലെ മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാന്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. ചെര്‍ക്കള, ബേവിഞ്ച, കുളങ്ങാട് മല, വീരമലക്കുന്ന് പ്രദേശങ്ങളില്‍ മണ്ണിടിച്ചിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ കാലവര്‍ഷത്തിന് മുന്‍പ് സുരക്ഷ ഒരുക്കണം

കാസര്‍കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ക്ഷാമത്തിന് പരിഹാരം ഉണ്ടാകണമെന്ന് യോഗം വിലയിരുത്തി. ജില്ലയില്‍ 150ല്‍ അധികം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും ഡോക്ടര്‍മാര്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും ഡി.എം.ഒ ഡോ. കെ. സന്തോഷ് കുമാര്‍ അറിയിച്ചു. ജില്ലയില്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ അംഗത്വമുള്ള ഡോക്ടര്‍മാരുടെ അഭാവത്തില്‍ കര്‍ണാടക മെഡിക്കല്‍ കൗണ്‍സിലില്‍ അംഗത്വമുള്ള ഡോക്ടര്‍മാരെകൂടി ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

*കുളങ്ങാട്ട് മലയില്‍ വീണ്ടും ദുരന്തം സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണം*

കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വീണ്ടും ദുരന്തം സംഭവിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും അടിയന്തര മുന്‍കരുതല്‍ എടുക്കണമെന്നും സന്ദീപ് വാര്യര്‍ എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.വിദഗ്ധസംഘത്തിന്റെ പരിശോധനയില്‍ സ്ഥിരമായ ഡ്രൈനേജ് സംവിധാനം കുളങ്ങാട്ട് മലയില്‍ അനിവാര്യമാണെന്ന് പരിശോധനയ്ക്ക് നിയോഗിച്ച വിദഗ്ധ സമിതി അഭിപ്രയപ്പെട്ടിടുണ്ടെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. കുളങ്ങാട്ട് മലയിലെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ ജനപ്രതിനിധികളുടെ കൂടി അഭിപ്രായം പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ അറിയിച്ചു. 

ഈസ്റ്റ് എളേരി കാറ്റാം കവലയില്‍ മലയോര ഹൈവേയില്‍ വലിയ അപകടം ഒഴിവാക്കാന്‍ അടിയന്തരമായി മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും അശാസ്ത്രീയമായി പണിത നിലവിലുള്ള റോഡ് മാറ്റി നിര്‍മ്മിക്കണമെന്നും അപകടം തുടര്‍ സംഭവമായ വളവ് ഒഴിവാക്കി ഗതാഗത ക്രമീകരിക്കണമെന്നും സന്ദീപ് വാര്യര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ചിറ്റാരിക്കല്‍ പി.എച്ച്.സിയുടെ കെട്ടിട നിര്‍മ്മാണം കരാര്‍ കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ആറുമാസം കൂടി കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സമയം നീട്ടി നല്‍കാന്‍ തീരുമാനമായി. നടക്കാവ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടര്‍ഫ് ഉള്‍പ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.

*ദേശീയപാതയില്‍ മാവുങ്കാല്‍ മൂലക്കണ്ടം ഡ്രൈനേജ് സംവിധാനവും സര്‍വീസ് റോഡും അടിയന്തരമായി പൂര്‍ത്തിയാക്കണം*

വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്വാന്‍ പി കേളുനായര്‍ സ്മാരകം പണിയാന്‍ പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ പറഞ്ഞു. ഇത് സ്‌കൂള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം നീക്കം ചെയ്ത് എടുത്ത മണ്ണ് സ്‌കൂളിലേക്ക് തന്നെ തിരികെ കൊടുത്തെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കാഞ്ഞങ്ങാട് - കാസര്‍കോട് സംസ്ഥാനപാത പുനരുദ്ധാരണ പ്രവര്‍ത്തിയുടെ തല്‍ സ്ഥിതി എംഎല്‍എ ആരാഞ്ഞു. 

ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍ സംസ്ഥാന പാതയുടെ പൂടങ്കല്ലില്‍ ടാറിങ് പ്രവര്‍ത്തികള്‍ മന്ദഗതിയിലാണെന്ന് എം.എല്‍.എ പറഞ്ഞു. ഒന്നാംഘട്ട ടാറിങ് കഴിഞ്ഞ് റോഡ് ഗതാഗത സജ്ജമാണെന്ന് യോഗത്തില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടിവ് എന്‍ജിനിയ അറിയിച്ചു. ദേശീയപാത 66 മാവുങ്കാല്‍ മൂലക്കണ്ടം ഡ്രൈനേജ് സംവിധാനവും സര്‍വീസ് റോഡും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ചെമ്മട്ടംവയല്‍ കാലിച്ചാനടുക്കം റോഡ് നിര്‍മാണത്തിനായി അടച്ചിട്ടതിനാല്‍ ഇതു വഴിയുള്ളേ പാലത്തില്‍ കാല്‍ നടയാത്രപോലും അസാധ്യമായിരിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു. ജൂണ്‍ 20ന് തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

*തൃക്കണ്ണാട് കടലാക്രമണം തടയാൻ കാലവര്‍ഷത്തിന് മുന്‍പ് സുരക്ഷ ഒരുക്കണം*

തൃക്കണ്ണാട് കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ കാലവര്‍ഷത്തിന് മുന്‍പ് സുരക്ഷ ഒരുക്കണമെന്ന് കെ. നീലകണ്ഠന്‍ എം.എല്‍.എ പറഞ്ഞു. മുൻ വർഷങ്ങളിലെ കടലാക്രമണത്തിൻ്റെ രൂക്ഷത പരിഗണിച്ച് ഈ പ്രദേശത്ത് ശാശ്വത പരിഹാരം ആവശ്യമാണെന്നും അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. കടലാക്രമണം ഉണ്ടായ പ്രദേശത്ത് നടത്തിയ വിദഗ്ധ പരിശോധനയെ തുടര്‍ന്ന് അന്‍പത് ലക്ഷം രൂപ ലഭിച്ചിരുന്നുവെന്നും അവിടെ ഡബിള്‍ ടമ്പിങ് നടക്കുകയാണെന്നും കരിങ്കല്ലിന്റെ ലഭ്യത കുറവ് കാരണം പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ 
പറഞ്ഞു. വേഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് എം.എല്‍.എ പറഞ്ഞു. 

ഉദുമ മണ്ഡലത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്ന നടപടികള്‍ വേഗത്തില്‍ ആക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കുണ്ടൂച്ചി - കുണ്ടംകുഴി റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വര്‍ഷങ്ങളായിട്ടും റോഡ് ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്ന് എം.എല്‍.എ പറഞ്ഞു. ടാറ്റാ കോവിഡ് കോവിഡ് ആശുപത്രിയില്‍ കേന്ദ്രഫണ്ട് കൂടി ഉള്‍പ്പെടുത്തി ക്രിട്ടിക്കല്‍ കെയര്‍ തുടങ്ങുമെന്നും സംസ്ഥാന സര്‍ക്കാര്‍ ആശുപത്രിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും ഡി.എം.ഒ അറിയിച്ചു. ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണം 98 ശതമാനം പൂര്‍ത്തിയായെങ്കിലും കരാറുകാരൻ നിർമാണം നിർത്തിയതിനാൽ പ്രവൃത്തി നടക്കുന്നില്ലെന്ന് ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു

*കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ മൊഡ്യൂളര്‍ ലബോറട്ടറി പ്രവൃത്തികള്‍ പുരോഗമിക്കുന്നു*

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ മൊഡ്യൂളര്‍ ലബോറട്ടറി പ്രവൃത്തികള്‍ കെ.ഡി.പി പദ്ധതിയുടെ ഭാഗമായി കെ.എം.എസ്.സി.എല്‍ മുഖേന പുരോഗമിച്ചു വരികയാണ്. പദ്ധതിക്ക് 2.39 കോടി രൂപയുടെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷന്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏകദേശം 1.22 കോടി രൂപയുടെ സപ്ലൈ മൂല്യത്തിനെതിരെ 98.02 ലക്ഷം രൂപ ബില്‍ ചെയ്തിട്ടുണ്ട്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടസ്സമുണ്ടാകാതിരിക്കാന്‍ ഘട്ടമായാണ് പ്രവൃത്തികള്‍ നടന്നു വരുന്നത്. ശേഷിക്കുന്ന ഇന്‍സ്റ്റലേഷന്‍, ടെസ്റ്റിംഗ്, കമ്മീഷനിംഗ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ലബോറട്ടറികള്‍ എത്രയും വേഗം അക്കാദമിക്ക് ഉപയോഗത്തിന് തയ്യാറാക്കാന്‍ കെ.എം.എസ്.സി.എല്‍ നിര്‍വ്വഹണ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ ദിവസേന നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും കൂടാതെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കാസര്‍കോട് നഗരസഭയ്ക്ക് കാസര്‍കോട് ട്രാഫിക് എന്‍ഫോഴ്‌സസ്‌മെന്റിന് യുണിറ്റില്‍ നിന്നും കത്ത് നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. തളങ്കര വില്ലേജ് ഓഫീസ് നിലവില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പണിയുന്നതിന് അനുയോജ്യമല്ല എന്ന് ജില്ലാ നിര്‍മ്മിതി കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് പരിധിയില്‍ കെട്ടിടം പണിയുന്നതിന് അനയോജ്യമായ ഭൂമി ലഭ്യമാണോ എന്ന് സംബന്ധിച്ച് കാസര്‍കോട് തഹസില്‍ദാരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഡി.എം അറിയിച്ചു. 

*ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിലാക്കണം*

കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് വെള്ളക്കെട്ട് തടയാന്‍ നടപടി സ്വീകരിക്കാന്‍ ദേശീയപാതാ അതോറിറ്റിയോടും നിര്‍മ്മാണ കരാര്‍ കമ്പനിയോടും എം.എല്‍.എമാര്‍ നിര്‍ദ്ദേശിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ കുഞ്ചത്തൂര്‍ ബസ്സ് സ്റ്റാന്റ്, ഹൊസങ്കടി ഷോപ്പിങ് കോംപ്ലക്‌സ്, ഉപ്പള ഗേറ്റ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക സാധ്യത വിലയിരുത്തി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എ.കെ.എം അഷറഫ് എം.എല്‍.എ നിര്‍മ്മാണ കമ്പനി കളോട് ചോദിച്ചറിഞ്ഞു. ഈ പ്രദേശങ്ങളിലെ ഡ്രെയ്‌നേജ് പ്രശ്‌നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി നിര്‍മ്മാണ കമ്പനികള്‍ അറിയിച്ചു. 

സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തലപ്പാടി- ചെങ്കള റീച്ചില്‍ പുതിയതായി അനുവദിച്ച ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ (FOB) നിര്‍മ്മാണ പ്രവര്‍ത്തനപുരോഗതി എം.എല്‍.എ ചോദിച്ചറിഞ്ഞു. അനന്തപുരം വ്യവസായ പാര്‍ക്കില്‍ ബോക്‌സൈറ്റ് അടങ്ങിയ ചെങ്കല്ലും മേൽമണ്ണും ധാരാളമായി ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് നിയമപരമാണോ എന്ന് പരിശോധിക്കണമെന്നും എം.എല്‍.എ കളക്ടറോട് നിര്‍ദ്ദേശിച്ചു. വിഷയം പരിശോധിക്കാന്‍ സ്‌ക്വാഡ് രൂപീകരിക്കുമെന്നും ജിയോളജിസ്റ്റിനെ മേല്‍നോട്ടം ഏല്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ദേശീയ പാതയിൽ ആരിക്കാടിയിലെ ടോള്‍ ബൂത്ത് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചതിനാല്‍ അവിടെ നിര്‍മ്മിച്ച ഹമ്പുകളും മറ്റും പൊളിച്ച് മാറ്റണമെന്ന് എം.എല്‍.എ പറഞ്ഞു. ഒരു കോടി രൂപ വീതം അനുവദിച്ച ബേരിക്ക, ഹൊസബട്ടു ബീച്ചുകളുടെ നിർമ്മാണ പുരോഗതി എം.എല്‍.എ ചോദിച്ചറിഞ്ഞു. 

*ജില്ലയിലെ ഡോക്ടര്‍മാരുടെ ക്ഷാമത്തിന് പരിഹാരം വേണം*

കാസര്‍കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ക്ഷാമത്തിന് പരിഹാരം ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പറഞ്ഞു. ബേഡകം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ പുനരാരംഭിക്കണം. ജില്ലയില്‍ 150ല്‍ അധികം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും ഡോക്ടര്‍മാര്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും ഡി.എം.ഒ ഡോ. കെ. സന്തോഷ് കുമാര്‍ അറിയിച്ചു. ജില്ലയില്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ അംഗത്വമുള്ള ഡോക്ടര്‍മാരുടെ അഭാവത്തില്‍ കര്‍ണാടക മെഡിക്കല്‍ കൗണ്‍സിലില്‍ അംഗത്വമുള്ള ഡോക്ടര്‍മാരെകൂടി സർക്കാർ ആശുപത്രികളിൽ താത്കാലികമായി നിയമിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കും. ജില്ലയിലെ പ്രത്യക സാഹചര്യത്തില്‍ വിഷയം കൂടുതല്‍ പരിഗണന ആവശ്യപ്പെടാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ജില്ലയിലെ ദേശീയപാത നിര്‍മ്മാണം പുരോഗമിക്കുന്ന മണ്ണിടിച്ചില്‍ സാധ്യതയുള്ള ചെര്‍ക്കള, ബേവിഞ്ച, വീരമലക്കുന്ന് പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും കാലവര്‍ഷത്തെ തുടര്‍ന്ന് അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

കാലവര്‍ഷം ആരംഭിക്കുകയും സ്‌കൂളുകള്‍ തുറക്കുകയും ചെയ്യുന്നതോടെ ദേശീയ പാത നിര്‍മ്മാണം പുരോഗമിക്കുന്ന നീലേശ്വരത്ത് പാതയ്ക്ക് സമീപമുള്ള എന്‍.കെ.ബി.എം എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വലിയ പ്രശ്‌നമാണ് നേരിടേണ്ടി വരികയെന്നും പെട്ടെന്ന് പ്രശ്‌നം പരിശോധിച്ച് പാർശ്വ സംരക്ഷണ ഭിത്തി ഉൾപ്പടെ നിർമിച്ച് നടപടി സ്വീകരിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി പറഞ്ഞു. 

എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായഎ.കെ.എം അഷറഫ്,കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ് സ്വാഗതം പറഞ്ഞു. എ.ഡി.എം കെ.വി ശ്രുതി, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments