Breaking News

ഷിഗല്ല സ്ഥിരീകരണം : നീലേശ്വരത്ത് ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

നീലേശ്വരം  ചാത്തമത്ത്  ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകൾ ഷിഗെല്ല പോസിറ്റീവ്. കണ്ണൂരിലെ റിജണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ അഞ്ചെണ്ണമാണ് ഷിഗെല്ല പോസിറ്റീവ് ആയത്. ഇതിൽ
നാലുപേർ കുട്ടികളാണ്. വിവരം പുറത്തുവന്നതോടെ
ജില്ലാ മെഡിക്കൽ ഓഫീസർ നീ ലേശ്വരം താലൂക്ക് ആശുപത്രി യിൽ അടിയന്തര സന്ദർശനം നടത്തി. റാപ്പിഡ് റെസ്പോൺ സ് ടീം ഉൾപ്പെടെയുള്ളവർ ബുധനാഴ്ച നീലേശ്വരത്തെത്തി പരിശോധന നടത്തി.   ചാത്തമത്ത് പ്രദേശത്തെ ഒരു സ്വകാര്യചടങ്ങിൽ പങ്കെടു ത്ത് ഭക്ഷണംകഴിച്ചവർക്ക് വയറിളക്കം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് വിവിധ ആശുപത്രികളിൽ ചികിത്സതേടിത്തുടങ്ങിയത്. 74 പേർക്കാണ് വയറിളക്കവും ശാരീരിക അസ്വസ്ഥതകളുമുണ്ടായത്. ഇതിൽനിന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ അഞ്ചണ്ണമാണ് ഷിഗെല്ല പോസിസ്റ്റീവ് ആയത്. ഇവർക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല.  ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചതിനെ തുടർന്ന് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.  നഗരസഭയിൽ ആരോഗ്യ വകുപ്പ്, നഗരസഭാ ആരോഗ്യ വിഭാഗം, ആശാപ്രവർത്തകർ ശുചിത്വ ജീവനക്കാർ എന്നവരുടെ അടിയന്തിര ആർ.ആർ.ടി യോഗം ചേർന്ന് രോഗവ്യാപനം തടയുന്നതിനുള്ള ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും വാർഡുകളിൽ ശക്തമാക്കാൻ തീരുമാനിച്ചു.  വയറിളക്കം, പനി, വയറുവേദന, രക്തം കലർന്ന മലവിസർജനം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു.  തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുക, ശുചിത്വമുള്ള ഭക്ഷണം മാത്രംകഴിക്കുക എന്നിവ രോഗപ്രതിരോധത്തിന് ഗുണകരമാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.  പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നിർദ്ദേശങ്ങൾ പാലിച്ച് പ്രതിരോധപ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി അറിയിച്ചു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, കൂൾ ബാറുകൾ മറ്റ് ഭക്ഷ്യ ഉൽപ്പാദന വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കർശനമായി പരിശോധന നടത്താനും തീരുമാനിച്ചു.

          വൈസ് ചെയർമാൻ പി എം സന്ധ്യ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എവി സുരേന്ദ്രൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ ഇ കെ, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രമതി ഇ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സതീശൻ.കെ, കൌൺസിലർമാരായ സുഭാഷ്.സി,  പി.വി.സുരേഷ് ബാബു , സതി, ശ്രീജ, ജില്ലാ എപിഡമോളജിസ്റ്റ്  ഫ്ലോറി ജോസഫ്,   ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർ ലിനീഷ, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സോനു ബി നായർ, ടെക്നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ, താലൂക്ക് എച്ച്.ഐ സിജോ എം ജോസ്, നഗരസഭാ ക്ലീൻ സിറ്റി മാനേജർ കണ്ണൻ വി കെ, പൊതുജനാരോഗ്യ വിഭാഗം ജെ എച്ച് ഐ-മാർ ജെ പി എച്ച് എൻ-മാർ, ആശാ പ്രവർത്തകർ,  നഗരസഭാ ആരോഗ്യ വിഭാഗം പി എച്ച് ഐ-മാർ, എം എൽ എസ്.പി മാർ എന്നിവർ പങ്കെടുത്തു.

No comments