വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം മെയ് 9, 10 തീയതികളിൽ കാഞ്ഞങ്ങാട്ട്
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം മെയ് 9, 10 തീയതികളിൽ കാഞ്ഞങ്ങാട്ട് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കാഞ്ഞങ്ങാട്ട് പ്രസ്‌ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെയ് ഒൻപതിന് വൈകിട്ട് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ചിന്മയ വിദ്യാലയത്തിൽ സംസ്‌കൃതസംഗമം ചേരും. 3 മണിക്ക് ശിബിര വിദ്യാർത്ഥികളുടെ കലാപരിപാടികൾ. നാല് മണിക്ക് ചേരുന്ന സംസ്‌കൃത സംഗമം രാജ്യസഭ എംപി സി.സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന അധ്യക്ഷൻ ഡോ.പി.കെ.ശങ്കര നാരായണൻ അധ്യക്ഷഭാഷണം നടത്തും. വിശ്രുത ശിൽപി കാനായി കുഞ്ഞിരാമൻ മുഖ്യാതിഥിയാകും. സംസ്‌കൃതഭാരതി ദേശീയ സെക്രട്ടറി ഡോ.പി.നന്ദകുമാർ മുഖ്യഭാഷണം നടത്തും. പ്രൊഫസർ വി.രാമകൃഷ്ണഭട്ടിന് പണ്ഡിതരത്‌ന പുരസ്‌കാരവും സി.സുരേഷ് കുമാറിന് ശർമാജി പുരസ്‌കാരവും സി.സദാനന്ദൻ മാസ്റ്റർ സമ്മാനിക്കും. പുരസ്‌കാരജേതാക്കളുടെ മറുപടി പ്രസംഗവുമുണ്ടാകും. കാസർകോട് അമൃതാനന്ദമയിമഠം മഠാധിപതി ബ്രഹ്‌മചാരി വേദവേദാമൃത ചൈതന്യ അനുഗ്രഹഭാഷണം നടത്തും. അക്ഷരശ്ലോകലഹരി എന്ന പുസ്തകം കാനായി കുഞ്ഞിരാമനും വിഭക്തിബോധിനി എന്ന പുസ്തകം സി.സദാനന്ദൻ മാസ്റ്ററും പ്രകാശനംചെയ്യും. കുമാരി രുക്മിണി, സ്വാഗതസംഘം ജോയിന്റ് കൺവീനർ കെ.അരുൺകുമാർ എന്നിവർ പു്‌സ്തകപരിചയം നടത്തും. സ്വാഗതസംഘം അധ്യക്ഷൻ കെ.ദാമോദരൻ ആർക്കിടെക്ട്, പ്രതിഷ്ഠാനം ജില്ലാ അധ്യക്ഷൻ ഡോ.കെ.സി.കെ.രാജ എന്നിവർ ആശംസാഭാഷണം നടത്തും. പ്രതിഷ്ഠാനം മുഖ്യകാര്യദർശി വി.ശ്രീകുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ കെ.എം.മാധവൻ നമ്പൂതിരി നന്ദിയും പറയും. കുമാരി രുക്മിണി പ്രാർത്ഥന നടത്തും. തുടർന്ന് രാജീവൻ പണിക്കർ, രാജേഷ് പണിക്കർ എന്നിവരുടെ മറത്തുകളി, അഷ്ടപദി, സംസ്‌കൃത ഗാനാലാപനം എന്നിവയുണ്ടാകും. മെയ് ഒൻപതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വെള്ളിക്കോത്ത് മഹാകവി പി കുഞ്ഞിരാമൻ നായരുടെ ഡന്മഗൃഹത്തിൽ നിന്ന് ദീപശിഖ പ്രയാണം പുറപ്പെടും. മെയ് 10 നു ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് അതിയാമ്പൂർ ചിന്മയ വിദ്യാലയത്തിൽ പ്രതിനിധി സമ്മേളനവും ചേരും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.ദാമോദരൻ ആർക്കിടെക്ട്, വർക്കിങ് ചെയർമാൻ ഡോ.കെ.സി.കെ.രാജ, ജനറൽ കൺവീനർ സി.പി.സുരേഷ്ബാബു, ജനറൽ കൺവീനർ കെ.എം.മാധവൻ, ജോയിന്റ് ജനറൽ കൺവീനർ കെ.അരുൺകുമാർ എന്നിവർ സംബന്ധിച്ചു.
No comments