ജില്ലയിലെ റെയിൽവേയാത്രാ ക്ലേശം: റെയിൽവേ മാസ്റ്റർ പ്ലാനുമായി ജില്ലാ ഭരണകൂടം18 ട്രെയിനുകൾ നീട്ടണം, സൂപ്പർഫാസ്റ്റുകൾക്ക് സ്റ്റോപ്പ് വേണം
ജില്ലയിലെ റെയിൽവേയാത്രാ ക്ലേശം: റെയിൽവേ മാസ്റ്റർ പ്ലാനുമായി ജില്ലാ ഭരണകൂടം
<> 18 ട്രെയിനുകൾ നീട്ടണം, സൂപ്പർഫാസ്റ്റുകൾക്ക് സ്റ്റോപ്പ് വേണം
ജില്ലയിലെ റെയിൽവേ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര ഇടപെടലുമായി ജില്ലാ ഭരണകൂടം.
ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഇതുസംബന്ധിച്ച് റെയിൽവേ അധികൃതർക്ക് കത്തയച്ചു. ജില്ലയുടെ തെക്ക് ഭാഗത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷൻ, വടക്ക് മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകൾ കാസർകോട്ടേക്കും നീട്ടണമെന്നും നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ- ഡിആർഎം മധുകർ റാവുത്തർക്ക് കത്തയച്ചത്. മെയ് 16 ന് കലക്ടറുടെ ചേമ്പറിൽ റെയിൽവേ ഉദ്യോഗസ്ഥരുടെയുപം ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തയച്ചിരിക്കുന്നത്. നിലവിൽ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്കും മംഗളൂരുവിൽ അവസാനിപ്പിക്കുന്നവ കണ്ണൂരിലേക്കും സർവീസ് നീട്ടുക എന്നതാണ് ഇതിലെ പ്രധാന നിർദേശം. ബൈന്ദൂർ- കാസർകോട് പാസഞ്ചർ പുനരാരംഭിക്കണമെന്നും പൂർണരൂപത്തിൽ സാധ്യമല്ലെങ്കിൽ കണ്ണൂർ- കോഴിക്കോട്- മംഗളൂരു പാസഞ്ചർ ആയി പുനക്രമീകരിക്കാമെന്നും ചൂണ്ടിക്കാട്ടി. അതല്ലെങ്കിൽ ഗുരുവായൂർ- മൂകാംബിക എക്‌സ്പ്രസ് ആക്കി മാറ്റിയാലും മതിയെന്നും ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച സാങ്കേതിക തടസങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കുന്നതിനായി റെയിൽവേയോട് ചേർന്നു പ്രവർത്തിക്കാനും ജില്ലാ ഭരണകൂടം സന്നദ്ധമാണെന്നും കത്തിൽ അറിയിച്ചു. കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന നിരവധി ട്രെയിനുകൾ കാരണം കാസർകോട് ഭാഗത്തേക്കുള്ള യാത്രക്കാർ മണിക്കൂറുകളോളം സ്റ്റേഷനുകളിൽ കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കുന്നതിനായി താഴെ പറയുന്ന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു
16307 ആലപ്പുഴ എക്സ്പ്രസ്
12082 തിരുവനന്തപുരം ജനശതാബ്ദി
66324 ഷൊർണൂർ മെമു
16305 എറണാകുളം എക്സ്പ്രസ്
16609 തൃശ്ശൂർ എക്സ്പ്രസ്
50017 കോഴിക്കോട് പാസഞ്ചർ
16611 പാലക്കാട് എക്സ്പ്രസ്
16608 കോയമ്പത്തൂർ എക്സ്പ്രസ്
ഈ സർവീസുകൾ നീട്ടുന്നതിലൂടെ പുലർച്ചെയോ രാത്രിയോ കണ്ണൂരിൽ കുടുങ്ങുന്ന യാത്രക്കാർക്ക് ആശ്വാസമാകുമെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. കൊച്ചിയിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്നവർക്കും വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും സർക്കാർ ജീവനക്കാർക്കും ഇതിലൂടെ വലിയ പ്രയോജനം ലഭിക്കുമെന്നും കത്തിൽ പറയുന്നു.
മംഗലാപുരത്ത് അവസാനിക്കുന്ന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണം
മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകൾ കാസർകോട്/കണ്ണൂർ ഭാഗത്തേക്ക് നീട്ടിയാൽ ലക്ഷക്കണക്കിന് യാത്രക്കാർക്ക് നേരിട്ട് ഗുണം ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു.
നീട്ടണമെന്ന് ആവശ്യപ്പെട്ട ട്രെയിനുകൾ:
12619 ലോകമാന്യ തിലക് (മുംബൈ) സൂപ്പർഫാസ്റ്റ്
12133 CSMT സൂപ്പർഫാസ്റ്റ്
56626, 56630 കുക്കെ സുബ്രഹ്മണ്യ റോഡ് പാസഞ്ചർ
17377 വിജയപുര മെയിൽ എക്സ്പ്രസ്
10107 മഡ്ഗാവ് മെയിൽ എക്സ്പ്രസ്
56615 മഡ്ഗാവ് പാസഞ്ചർ
20645 മഡ്ഗാവ് – മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ്
16539/16575 യശ്വന്ത്പൂർ മെയിൽ എക്സ്പ്രസ്
09057/09424 സൂറത്ത്/അഹമ്മദാബാദ് സൂപ്പർഫാസ്റ്റ്
മുംബൈ, ബെംഗളൂരു, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കാസർകോട്ടെ പ്രവാസികൾക്കും ഐ.ടി. മേഖലയിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഈ സർവീസുകൾ ഏറെ സഹായകരമാകുമെന്ന് കളക്ടർ വ്യക്തമാക്കി.
കാസർകോട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണം
കാസർകോട് വഴി കടന്നുപോകുന്നുണ്ടെങ്കിലും നിലവിൽ സ്റ്റോപ്പ് അനുവദിക്കാത്ത മൂന്ന് പ്രധാന സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു
സ്റ്റോപ്പ് ആവശ്യപ്പെട്ട ട്രെയിനുകൾ:
22653 തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്
22655 എറണാകുളം ജംഗ്ഷൻ സൂപ്പർഫാസ്റ്റ്
22476 കോയമ്പത്തൂർ ജംഗ്ഷൻ സൂപ്പർഫാസ്റ്റ്
തൊട്ടടുത്ത സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിട്ടും കാസർകോട് സ്റ്റേഷനെ അവഗണിക്കരുതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിർത്തലാക്കിയ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കണം
കോവിഡിന് ശേഷം നിർത്തലാക്കിയ മംഗലാപുരം–കണ്ണൂർ മെയിൻ പാസഞ്ചർ സർവീസും ബൈന്ദൂർ–കാസർകോട് പാസഞ്ചർ സർവീസും പുനരാരംഭിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവിൽ ജോലി, പഠനം, ചികിത്സ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന സാധാരണക്കാരുടെ പ്രധാന ആശ്രയമായിരുന്നു ഈ ട്രെയിനുകളെന്ന് കളക്ടർ ചൂണ്ടിക്കാട്ടി.
റെയിൽവേയ്ക്കും വരുമാന നേട്ടം
ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ യാത്രക്കാരുടെ ദുരിതം കുറയുന്നതിനൊപ്പം ട്രെയിനുകളിലെ സീറ്റ് ഒക്യുപൻസി വർധിക്കുകയും ഇന്ത്യൻ റെയിൽവേയ്ക്ക് വലിയ വരുമാന വർധനവ് ലഭിക്കുമെന്നും ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.
പ്ലാറ്റ്ഫോം പരിമിതികളോ മറ്റ് സാങ്കേതിക തടസ്സങ്ങളോ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പരിഹാര നടപടികൾക്കും ജില്ലാ ഭരണകൂടം പൂർണ സഹകരണം നൽകാൻ തയ്യാറാണെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു
No comments