Breaking News

നീലേശ്വരം താലൂക്ക് യാഥാർത്ഥ്യമാക്കണം: മുഖ്യമന്ത്രി വി.ഡി സതീശനും റവന്യൂ മന്ത്രി എ.പി അനിൽകുമാറിനും സർവ്വകക്ഷി സംഘം നിവേദനം നൽകി

ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരം ആസ്ഥാനമായി പുതിയ 'നീലേശ്വരം താലൂക്ക്' അടിയന്തരമായി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭ ചെയർമാൻ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം മുഖ്യമന്ത്രി വി.ഡി സതീശൻ, റവന്യൂ മന്ത്രി എ.പി അനിൽകുമാർ എന്നിവരെ സന്ദർശിച്ച് നിവേദനം നൽകി. ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ നാല് പതിറ്റാണ്ടുകാലത്തെ ന്യായമായ ഈ ആവശ്യത്തോട് സർക്കാർ അടിയന്തരമായി അനുകൂല നിലപാട് സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.

1984-ൽ കാസർകോട് ജില്ല രൂപീകൃതമായ നാൾ മുതൽ നീലേശ്വരം താലൂക്കിനായുള്ള ആവശ്യവും ശക്തമാണ്. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ നീലേശ്വരം സന്ദർശിച്ച വേളയിൽ താലൂക്ക് രൂപീകരണത്തെക്കുറിച്ച് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ആറ് മാസം മുൻപ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരം ഹൊസ്ദുർഗ് തഹസീദാർ ജില്ലയിലെ 15 രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുകയും യോഗം ഈ ആവശ്യത്തെ ഏകകണ്ഠമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ശുപാർശയും ലാൻഡ് റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ അനുകൂല റിപ്പോർട്ടും നിലവിൽ സർക്കാരിന്റെ മുന്നിലുണ്ടെങ്കിലും, സെക്രട്ടേറിയറ്റിൽ അന്തിമ അനുമതി ലഭിക്കാതെ ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തെക്കുറിച്ച് പഠിക്കാൻ കാലാകാലങ്ങളിൽ സർക്കാർ നിയോഗിച്ച സി.എച്ച് ദാമോദരൻ കമ്മീഷൻ, വെള്ളോടി കമ്മീഷൻ, ചന്ദ്രഭാനു കമ്മീഷൻ, ദാമോദരൻ നമ്പ്യാർ കമ്മീഷൻ എന്നീ നാല് ഔദ്യോഗിക കമ്മീഷനുകളും നീലേശ്വരം താലൂക്കിനായി അനുകൂല റിപ്പോർട്ടുകളാണ് സമർപ്പിച്ചിട്ടുള്ളത്. നിലവിൽ ജില്ലയിൽ മുനിസിപ്പാലിറ്റി പദവിയുണ്ടായിട്ടും താലൂക്ക് ആസ്ഥാനമില്ലാത്ത ഏക നഗരമാണ് നീലേശ്വരം.
നീലേശ്വരം നഗരസഭ, മടിക്കൈ, കിനാനൂർ-കരിന്തളം, ചെറുവത്തൂർ, വലിയപറമ്പ്, പിലിക്കോട്, തൃക്കരിപ്പൂർ, പടന്ന, കയ്യൂർ-ചീമേനി തുടങ്ങിയ ഒട്ടേറെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കേന്ദ്രബിന്ദുവാണ് നീലേശ്വരം. ബ്ലോക്ക് ഓഫീസ്, സബ് ട്രഷറി, പോലീസ് സർക്കിൾ ഓഫീസ്, കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസ്, രജിസ്റ്റർ ഓഫീസ്, എക്സൈസ് ഓഫീസ് തുടങ്ങിയ ഒട്ടുമിക്ക പ്രധാന സർക്കാർ സംവിധാനങ്ങളും നിലവിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. താലൂക്ക് അനുവദിക്കുകയാണെങ്കിൽ തുടക്കത്തിൽ ആവശ്യമായ മറ്റ് കെട്ടിട സൗകര്യങ്ങൾ ഒരുക്കുവാൻ നഗരസഭ പൂർണ്ണ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ മുഹമ്മദ് റാഫി അറിയിച്ചു. പശ്ചിമ തീരത്തെ വലിയപറമ്പ് മുതൽ കിഴക്കൻ മലയോര അതിർത്തിയായ കിനാനൂർ-കരിന്തളം വരെയുള്ള ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന കേന്ദ്രം നീലേശ്വരമാണ്. റവന്യൂ വികേന്ദ്രീകരണം പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കാനും ജനങ്ങളുടെ യാത്രാക്ലേശങ്ങൾക്കും റവന്യൂ ബുദ്ധിമുട്ടുകൾക്കും ശാശ്വത പരിഹാരം കാണാനും പുതിയ താലൂക്ക് അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഡി സി സി സെക്രട്ടറി മാമുനി വിജയൻ,മുസ്ലിം ലീഗ് നേതാവ് അഡ്വക്കറ്റ് കെ പി നസീർ, കോൺഗ്രസ് നേതാവ് പി രാമചന്ദ്രൻ, പ്രൊഫസർ ഖാദർ മാങ്ങാട്, പ്രസ് ഫോം പ്രസിഡൻ്റ് സേതു ബങ്കളം എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.

No comments