Breaking News

ദേശീയപാത: നീലേശ്വരത്തെ സർവീസ് റോഡ്, ഡ്രൈനേജ് നിർമാണം ഉടൻ പൂർത്തിയാക്കാൻ ആർഡിഒയുടെ നിർദേശം

നീലേശ്വരം:ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരത്ത് സർവീസ് റോഡിലെ വെള്ളക്കെട്ടും ഗതാഗത കുരുക്കും ഒഴിവാക്കാനായി ഓവുചാൽ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് കാഞ്ഞങ്ങാട് ആർ ഡിഒ കെ ആർ മനോജ് നിർമ്മാണ കമ്പനിക്ക് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് നീലേശ്വരം നഗരസഭ ജനകീയ കർമ്മസമിതി ചെയർമാൻ പി പി മുഹമ്മദ് റാഫി ജില്ലാ കലക്ടർക്ക്   പരാതിനൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരമാണ് ആർ ഡിഒ നിർമ്മാണ സ്ഥലത്തെത്തി കരാറുകാർക്ക് നിർദ്ദേശം നൽകിയത്. പ്രവർത്തി പൂർത്തീകരിക്കാൻ നീലേശ്വരം നഗരസഭ എല്ലാ സഹായങ്ങളും നൽകണമെന്നും ആർ ഡി ഒ അഭ്യർഥിച്ചു. രണ്ടാഴ്ച മുമ്പ് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ മണൽ പാലത്തിലൂടെ ഗതാഗതം അനുവദിച്ചാൽ ജൂൺ 22-ാം തീയതിക്കകം ഓവുചാൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അധി കൃതർ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം ചെയ്യുന്ന നഗരസഭാ കർമസമിതിയും ജനകീയ സമരസമിതിയും 28 വരെ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകാനുള്ള അനുമതി നൽകിയത്. 
എന്നാൽ റോഡ് തുറന്നു കൊടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും ഓവുചാൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതിനകം പൊലിസ് സ്റ്റേഷനു മുൻപിലെ അടിപ്പാത തൊട്ട് മീറ്ററുകൾ മാത്രമാണ് റെഡിമെയ്‌ഡ് ബ്ലോക്കുകൾ ഉപ യോഗിച്ചുള്ള ഡ്രയ്നേജ് നിർമാണം നടന്നത്. ഇങ്ങനെ പോയാൽ 22-ാം തീയതിക്കകം സർവീസ് റോഡിന്റെയും ഡ്രയ്നേജിന്റെയും നിർമാണം പകുതി പോലും എത്തില്ല എന്നാണ് അവസ്ഥ. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് കലക്ടർ അടിയന്തിര നടപടിക്ക് ആർ.ഡി.ഒ.വിനോട് നിർദ്ദേശം നൽകിയത്. സ്ഥലം സന്ദർശിച്ച ആർ ഡി ഒക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലാവുകയും ചെയ്തു. ഇതോടെയാണ് കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളും ഇറക്കി പ്രവർത്തി ഉടൻ പൂർത്തീകരിക്കാൻ ആർ ഡി ഓ നിർദേശം നൽകിയത്. ആർഡിഒക്കൊപ്പം ഡെ. തഹസിൽദാർ പി വി തുളസിരാജ് നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി വൈസ് ചെയർമാൻ പി എം സന്ധ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സതീശൻ , നീലേശ്വരം എസ് ഐ കെ.അജിത കൗൺസിലർമാരായ വിനോദ് പൈനി, സുഭാഷ്, പിവി സുനിത കർമ്മസമിതിഭാരവാഹികളായ പി വിജയകുമാർ സേതു ബങ്കളം, സുരേഷ് മടിക്കൈ എന്നിവരും ഉണ്ടായിരുന്നു.

No comments