നീലേശ്വരം നഗരസഭയുടെ വികസന സദസ്സ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ:യു ഡി എഫ്
നീലേശ്വരം നഗരസഭ കടുത്ത വികസന പിന്നോക്കാവസ്ഥയിലാണെന്ന് ബോധ്യമുണ്ടായിട്ടും, നഗരസഭ വികസന സദസ്സ് സംഘടിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയാടാൻ മാത്രമാണെന്ന് യു ഡി എഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടി സ്വീകരിച്ചപ്പോൾ പോലും നീലേശ്വരത്തിൻ്റെ വികസനം ലക്ഷ്യമാക്കി ഹൈവേ അതോറിറ്റിയെ കൊണ്ട് ഒരു നടപടിയും സ്വീകരിപ്പിക്കുവാൻ നഗരസഭയ്ക്കോ, അവർക്ക് നേതൃത്വം നൽകുന്ന സി.പി. എം പാർട്ടിക്കോ സാധിച്ചിട്ടില്ല. ഭാവിയിൽ നീലേശ്വരത്തിൻ്റെ വികസന സാധ്യതകൾ എല്ലാം അടഞ്ഞ അദ്ധ്യായമായി നഗരസഭ മാറ്റി. ഹൈവേ നടപടിക്കെതിരെ സർവ്വകക്ഷികളുടെ പ്രതിരോധ സമരമോ, കൂട്ടായ്മയോ ഉണ്ടാക്കാൻ പോലും നഗരസഭാ അധികൃതർ ശ്രമിച്ചിട്ടില്ല.
കൊട്ടിഘോഷിച്ച രാജാ റോഡ് വികസനം എങ്ങും എത്താതെ മുരടിപ്പിലാണ്. ടൗൺ പ്രദേശത്തും,വാർഡ്തലങ്ങളിലും വികസനമെത്തിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ, പദ്ധതി വിഹിതം കൊണ്ടുള്ള വിവിധ വകുപ്പുകളുടെ ദൈനംദിന കാര്യങ്ങൾ മാത്രമെ ചെയ്യാൻ ശ്രമിച്ചിട്ടുള്ളു. അത് തന്നെ പൂർത്തീകരിക്കുവാനും സാധിച്ചിട്ടില്ല.
വിവിധ വാർഡ് പ്രദേശങ്ങളിൽ മലിനമായ ഡ്രൈനേജുകൾ പോലും യഥാ സമയം വൃത്തിയാക്കുവാൻ നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. ആധുനീക മത്സ്യമാർക്കറ്റ് തുറക്കുമെന്ന് എല്ലാ ബഡ്ജറ്റിലും എഴുതി പിടിപ്പിക്കുമെന്നല്ലാതെ മത്സ്യ തൊഴിലാളികളുടെയും, പൊതു സമൂഹത്തിൻ്റെയും ഏറെ കാലത്തെ മത്സ്യ മാർക്കറ്റ് എന്ന സ്വപ്നത്തിന് തുടക്കം കുറിക്കാൻ പോലും സാധിക്കാത്തവരാണ് നഗരസഭാ ഭരണാധികാരികൾ.
തൈക്കടപ്പുറം ആശുപത്രിയുടെയും, താലൂക്ക് ആശുപത്രിയുടേയും ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ഫലപ്രദമായ ഒരു നടപടിയും നഗരസഭയ്ക്ക് സ്വീകരിക്കുവാൻ സാധിച്ചിട്ടില്ല.
നഗരസഭയുടെ തനത് ഫണ്ടും, പ്ലാൻ ഫണ്ടുകളും, പുതിയ നഗരസഭ ഓഫീസ് കെട്ടിടത്തിനും, ബസ്റ്റാൻ്റ് നിർമ്മാണത്തിനും ഉപയോഗിച്ചതിനാൽ പ്രാദേശിക വികസന പദ്ധതികൾ ഒഴിവാക്കേണ്ടി വന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യു ഡി എഫ് കമ്മിറ്റി ആരോപിച്ചു.
യാത്രക്കാർക്ക് ഏറെ ആവശ്യമായ മാർക്കറ്റ് ജങ്ക്ഷനിലെ ഓട്ടോ, ടാക്സി , മിനി ലോറി ഡ്രൈവർമാർ അനുഭവിക്കുന്ന ദുരിതത്തിന് ഒരു പരിഹാരവും നഗരസഭയ്ക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ജനങ്ങൾ പ്രതീക്ഷിച്ച യാതൊരു വികസസനവും നടത്താതെ, ധാർഷ്ട്യത്തിൻ്റെ രൂപമായി മാറുകയും, പൂർണ്ണ പരാജയവുമായ നീലേശ്വരം നഗരസഭാ അധികൃതർ സംഘടിപ്പിക്കുന്ന വികസന സദസ്സ് യു ഡി എഫ് ബഹിഷ്ക്കരിക്കുവാനും യോഗം തീരുമാനിച്ചു.
ചെയർമാൻ ഇ എം കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു.
No comments