Breaking News

നീലേശ്വരം ബസ് സ്റ്റാൻഡ് നിർമാണം അവസാനഘട്ടത്തിലേക്ക്: യാർഡ് നിർമാണത്തിനായി നഗരത്തിൽ ഗതാഗതക്രമീകരണം

നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലസ്‌ക് നിർമാണം പൂർത്തിയാക്കി യാർഡ് നിർമാണത്തിലേക്ക് കടക്കുന്നതോടെ ഇത്രകാലം ഉപയോഗിച്ചു വന്ന താൽക്കാലിക ഷെഡ് പൊളിച്ചു മാറ്റും. 
ഇതിന്റെ ഭാഗമായി നഗരത്തിൽ പുതിയ ഗതാഗതക്രമീകരണം ഏർപ്പെടുത്താൻ ഇന്നലെ നഗരസഭയിൽ ചേർന്ന നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. മലയോര ഭാഗത്തേക്ക് പോകുന്ന ബസുകൾ യാത്രക്കാരെ പെട്രോൾ പമ്പിന് സമീപം ഇറക്കി കോൺവന്റ് ജംഗ്ഷനിൽ പാർക്ക് ചെയ്യണമെന്നാണ് നിർദേശം. ഇവിടെ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ തൽക്കാലം മറ്റ് സ്ഥലങ്ങളിൽ ക്രമീകരിക്കണം. നീലേശ്വരത്തേക്ക് വരുന്ന ബസുകൾ എല്ലാം തെരു റോഡിലെ താൽക്കാലി വൺവേയിലൂടെ പയ്യന്നൂർ, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് പോകണം. തെരു റോഡിന്റെ ഒരു ഭാഗത്തും പാർക്കിങ് അനുവദിക്കില്ല.
നീലേശ്വരം മാർക്കറ്റിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്കുള്ള യാത്രക്കാർ തെരു റോഡ് അവസാനിക്കുന്നതിന് മുൻവശത്ത് ബസ് കാത്തു നിൽക്കണം. നീലേശ്വരം മാർക്കറ്റിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകേണ്ട യാത്രക്കാർ അണ്ടർ പാസേജിൽ കാത്ത് നിൽക്കണം. റെയിൽവേ മേൽപ്പാലത്തിന് കീഴെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ക്രമീകരിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയർപഴ്‌സൻ ടി വി ശാന്ത യോഗത്തിൽ അധ്യക്ഷയായി. വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, മരാമത്ത് സ്്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, നീലേശ്വരം വില്ലേജ് ഓഫീസർ അജിത് കുമാർ, നീലേശ്വരം സി ഐ നിബിൻ ജോയി, എ എസ് ഐ, രാജേഷ് കുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി ഗിജേഷ്, ഓട്ടോ തൊഴിലാളി സംഘടന, വ്യാപാരി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
.............

No comments