Breaking News

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: പ്രദീപൻ കോതോളി മികച്ച ഡ്രിൽ ഇൻസ്ട്രക്ടർ

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപൻ കോതോളിയെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ ജില്ലയിലെ മികച്ച ഡ്രിൽ ഇൻസ്ട്രക്ടർ ആയി തിരഞ്ഞെടുത്തു. എസ്പിസി സംസ്ഥാന നോഡൽ ഓഫീസർ അജിതാ ബീഗം ഐപിഎസ് ആണ് മികച്ച എസ്പിസി പരിശീലകനായി പ്രദീപനെ തിരഞ്ഞെടുത്തത്. കുട്ടികളെ നിയമാവബോധം ഉള്ളവരാക്കി തീർക്കുവാൻ 2010 ൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. നിലവിൽ ഹോസ്ദുർഗ് ഹയർസെക്കൻഡറി സ്കൂളിലെ ഡ്രിൽ ഇൻസ്ട്രക്ടറാണ് പ്രദീപൻ. പരിശീലനത്തിന് പുറമേ വിവിധ വിഷയങ്ങളിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകിയും കുട്ടികൾക്ക് സ്വയം പ്രതിരോധം, പ്രഥമശുശ്രൂഷ പരിശീലനങ്ങൾ , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നിയമാവബോധ ക്ലാസുകൾ, അശരണർ താമസിക്കുന്ന കേന്ദ്രങ്ങൾ സന്ദർശിച്ച് കുട്ടികളിൽ കാരുണ്യം വളർത്തൽ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളാണ് ഇദ്ദേഹം നടത്തിവരുന്നത്. ടി ഐ എച്ച്എസ്എസ് നായന്മാർമൂല, ജിഎച്ച്എസ്എസ് ഉദിനൂർ, ജി എച്ച് എസ് എസ് കക്കാട്ട് എന്നീ സ്കൂളുകളിൽ എസ്പിസി കേഡറ്റുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയെ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തേക്കു നയിക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട് .
സ്കൂൾ - കോളേജുകൾ റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ക്ലാസുകൾ, അശരണരെ പുനരധിവസിപ്പിച്ചും ലഹരിക്ക് അടിമകളായ മക്കളെ ഡി അഡിക്ഷൻ സെൻററിൽ എത്തിച്ചും പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചും ജനമൈത്രി പോലീസിലൂടെ ശ്രദ്ധേയമായ പ്രവർത്തനമാണ് ചെയ്തുവരുന്നത്. ദുരന്ത ഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കുവാൻ മൈത്രി വളണ്ടിയർ ഗ്രൂപ്പുകൾ ഉണ്ടാക്കി. ചന്തേരയിലും നീലേശ്വരത്തും കോവിഡ് സമയത്ത് ജനങ്ങൾക്കായി വളണ്ടിയർ ഗ്രൂപ്പുകളെ പ്രവർത്തിപ്പിച്ചു.
 മികച്ച ജനമൈത്രി സേവനത്തിന് 2023 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും 2020 ൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറിനും അർഹനായി. സ്റ്റുഡൻസ് പോലീസിന്റെ ചുമതല കൂടാതെ ജനമൈത്രി ബീറ്റ് ഓഫീസർ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കോ-ഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.

No comments