Breaking News

ദേശീയപാതയിലെ നീലേശ്വരം മേഖലയിൽഗതാഗതക്കുരുക്ക് രൂക്ഷം: യാത്ര ദുരിതം


ശക്തി ചോരാതെ തുടരുന്ന കാലവർഷവും ദേശീയപാത നിർമാണവും സർവീസ് റോഡുകളിലെ കുണ്ടും ഓവുചാൽ നിർമാണത്തിനെടുത്ത കുഴികളുമെല്ലാമായി ദേശീയപാതയിലെ നീലേശ്വരം മേഖലയിൽ ദുരിതയാത്ര.
പള്ളിക്കര മേൽപ്പാലമിറങ്ങിയാൽ നീലേശ്വരം കരുവാച്ചേരി മുതൽ കാഞ്ഞങ്ങാട് വരെയുള്ള ദേശീയപാതയിൽ ഏറിയും കുറഞ്ഞും ഈ പ്രശ്‌നങ്ങളെ തുടർന്നുള്ള ഗതാഗതക്കുരുക്ക് ഉണ്ടെങ്കിലും നീലേശ്വരം പോലീസ് സ്‌റ്റേഷൻ മുതൽ പടന്നക്കാട് മേൽപ്പാലം വരെയുള്ള മേഖലയിൽ ദുരിതം അതിരൂക്ഷമാണ്. ദേശീയപാതയിലെ തെരു റോഡ് ജംഗ്ഷൻ വഴി വൺവേ ആയി വരാനാണ് നിർദേശമെങ്കിലും പയ്യന്നൂർ ഭാഗത്ത് നിന്നുള്ള ബസുകളും വാഹനങ്ങളുമെല്ലാം യഥേഷ്ടം കയറി വരുന്നത് കുരുക്ക് കൂടുതൽ മുറുക്കിയിട്ടുണ്ട്. നിർദേശം ലംഘിച്ച് ഇതുവഴി വാഹനങ്ങൾ കയറിയാൽ കർശന നടപടി സ്വീകരിക്കുമെന്നും നീലേശ്വരം പോലീസ് അറിയിച്ചു. നിലവിൽ വൺവേ ആയി ഉപയോഗിക്കുന്ന തെരു റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെയും നടപടിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
വാഹനത്തിരക്കേറിയ സമയങ്ങളിൽ അര മണിക്കൂറിലേറെയൊക്കെയാണ് ഗതാഗതസ്തംഭനമുണ്ടാകുന്നത്. ഇടയിൽ ദിവസങ്ങളോളം തെളിഞ്ഞ കാലാവസ്ഥ ലഭിച്ചിട്ടും ദേശീയപാത നിർമാണ കരാറുകാർ റോഡിൽ കാര്യമായ പണിയൊന്നും നടത്തിയതുമില്ലെന്ന് യാത്രക്കാരും മോട്ടോർ തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. പേരിന് ചിലയിടങ്ങളിൽ നടത്തിയ കണ്ണിൽ പൊടിയിടലുകളൊക്കെ രണ്ട് ദിവസം കൊണ്ട് തന്നെ പഴയതിലും കേമമായി തകരുകയും ചെയ്തു. ഇതോടെ ഇരുചക്രവാഹനയാത്രക്കാർ അപകടക്കുരുക്കിലുമായി. മാർക്കറ്റ് ജംഗ്ഷനും പോലീസ് സ്‌റ്റേഷനുമിടയിലെ റോഡരികിലെ ഓവുചാലിൽ കഴിഞ്ഞ ദിവസം വീണ ഇരുചക്ര വാഹനയാത്രികൻ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഗതാഗതക്കുരുക്ക് മുറുകുന്നതോടെ റോഡിൽ വാക്കേറ്റവും മറ്റും ഉണ്ടാകുന്നതും പോലീസിന് തലവേദനയായിട്ടുണ്ട്. ഓണത്തിരക്ക് വരാനിരിക്കെ ഇക്കാര്യത്തിൽ ഒരു ഇടപെടൽ വേണമെന്ന ആവശ്യവും ഉയർന്നു കേൾക്കുന്നു.

No comments