Breaking News

എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് നാളെ മുതൽ നീലേശ്വരം അഴിത്തലയിൽ

എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് നാളെ മുതൽ നീലേശ്വരം അഴിത്തലയിൽ നടക്കും.
വിശപ്പ് എന്ന തീം അടിസ്ഥാനമാക്കിയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ നീലേശ്വരം പ്രസ്‌ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യുദ്ധവും സാമൂഹിക അസമത്വങ്ങളും വരുത്തിവച്ച പട്ടിണിയുടെയും അരക്ഷിതാവസ്ഥയുടെയും നടുവിൽ നടക്കുന്ന ഭക്ഷണ, രാഷ്ട്രീയ സംഘർഷങ്ങളുടെ മനുഷ്യത്വരാഹിത്യത്തെ സാഹിത്യോത്സവ് തുറന്നു കാട്ടുമെന്നും ഇവർ പറഞ്ഞു. നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂർ, പരപ്പ, പാണത്തൂർ, പുഞ്ചാവി എന്നീ അഞ്ച് സെക്ടറുകളിൽ നിന്ന് 600 ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും.
എട്ട് കാറ്റഗറികളിലായി 150 ഇനങ്ങളിലാണ് മത്സരങ്ങൾ. അഞ്ച് വേദികളിലായാണ് മത്സരങ്ങൾ, പ്രഗൽഭരായ വിധികർത്താക്കൾ മത്സരത്തിന്റെ വിധി നിർണയം നടത്തി ജേതാക്കളെ പ്രഖ്യാപിക്കും. നാളെ വൈകിട്ട് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ പ്രമുഖ മാധ്യമപ്രവർത്തകൻ രവീന്ദ്രൻ കൊട്ടോടി സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. ഡിവിഷൻ പ്രസിഡന്റ് അബ്ദുറഹ്‌മാൻ ശാമിൽ ഇർഫാനി അധ്യക്ഷനാകും. എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം യൂസുഫ് സഖാഫി മൂത്തേടം പ്രമേയപ്രഭാഷണം നടത്തും. കേരള മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി സി അബ്ദുല്ല സഅദി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുർഷിദ് പുളിക്കൂർ, എസ് വൈ എസ് സോൺ സെക്രട്ടറി അബ്ദുല്ല മൗലവി ക്ലായിക്കോട്, അഴിത്തല മഹല്ല് ജമാഅത്ത് പ്രസിഡന്റ് സൈനുദ്ദീൻ ഹാജി, വാർഡ് കൗൺസിലർമാരായ ടി അബൂബക്കർ, വിനു നിലാവ്, അൻവർ സാദിഖ് എന്നിവർ ആശംസകൾ നേരും. സ്വാഗതസംഘം ചെയർമാൻ അബ്ദുൽഖാദർ ഹാജി, കൺവീനർ നദീർ അഷ്‌റഫി, സുബൈർ കാരയിൽ, സുബൈർ സഅദി എന്നിവർ സംബന്ധിക്കും.
12 ന് വൈകിട്ട് ചേരുന്ന സമാപന സംഗമത്തിൽ ഹാജി അബ്ദുൽ അസീസ് ഫൈസി പ്രാർത്ഥന നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ അബ്ദുൽഖാദർ ഹാജി അഴിത്തലയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂർ ഉദ്ഘാടനം നിർവഹിക്കും. എസ് എസ് എഫ് ജില്ലാ സെക്രട്ടറി സകരിയ അഹ്‌സനി അനുമോദന പ്രഭാഷണം നടത്തും. കേരള മുസ് ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബ്ദുൽഹമീദ് മൗലവി, എസ് വൈ എസ് സോൺ പ്രസിഡന്റ് മദനീയം അബ്ദുലത്തീഫ് സഖാഫി എന്നിവർ സംസാരിക്കും. സ്വാഗതസംഘം കൺവീനർ നദീർ അഷ്‌റഫി സ്വാഗതം പറയും. കേരള മുസ് ലിം ജമാഅത്ത് സോൺ സെക്രട്ടറി അബ്ദുസത്താർ പഴയ കടപ്പുറം, എസ് എം എ സോൺ പ്രസിഡന്റ് മടിക്കൈ അബ്ദുല്ല ഹാജി, ശിഹാബ് അഹ്‌സനി പാണത്തൂർ എന്നിവർ സംബന്ധിക്കും.

No comments