വെള്ളപ്പൊക്ക സാധ്യതയുള്ള നീലേശ്വരത്തെയും സമീപ പ്രദേശങ്ങളിലെയും സ്ഥലങ്ങൾ കേന്ദ്ര ദുരന്ത നിവാരണ സേന സന്ദർശിച്ചു.
വെള്ളപ്പൊക്ക സാധ്യതയുള്ള നീലേശ്വരത്തെയും സമീപ പ്രദേശങ്ങളിലെയും സ്ഥലങ്ങൾ കേന്ദ്ര ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘം സന്ദർശിച്ചു. ചെന്നൈ ആർക്കോണത്തെ എൻഡിആർഎഫ് 4 ബറ്റാലിയൻ ടീം കമാൻഡർ ഇൻസ്‌പെക്ടർ അർജുൻപാൽ രാജ്പുത്, എസ്‌ഐ വികാസ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാര്യംകോട്, ചാത്തമത്ത്, പൊടോതുരുത്തി, പാലായി പ്രദേശങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയത്. കഴിഞ്ഞ 3 ദിവസമായി എൻഡിആർഎഫ് സംഘം പുല്ലൂരുള്ള ആന്റി ഡിസാസ്റ്റർ ഷെൽട്ടറിൽ ക്യാംപ് ചെയ്യുന്നുണ്ട്. 2 മാസത്തോളം സംഘം കാസർകോട്ടുണ്ടാവും. ദുരന്ത സമാന സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വരും ദിവസങ്ങളിൽ വിവിധ പ്രദേശവാസികൾക്ക് സംഘം പരിശീലനം നൽകും. നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി.വി.ശാന്ത, ഹൊസ്ദുർഗ് തഹസിൽദാർ ടി.ജയപ്രസാദ്, ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ പി.വി.തുളസിരാജ്, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ കെ.ബാബു തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
No comments