Breaking News

ലീഗിന് നഷ്ടം, കോൺഗ്രസിന് നേട്ടം മുൻസിപ്പൽ തിരഞ്ഞെടുപ്പ്നീലേശ്വരത്ത് വാർഡ് വിഭജനം പൂർത്തിയായി

മുൻസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് വിഭജനം നീലേശ്വരത്ത് സി പി എം പാർട്ടി തലത്തിൽ പൂർത്തിയായി. 
കഴിഞ്ഞ ദിവസം ചേർന്ന സി പി എം ഏരിയ കമ്മിറ്റി യോഗത്തിലും അതിന് ശേഷം നടന്ന പാർട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലുമാണ് വിഭജനം സംബന്ധിച്ച അന്തിമ രൂപം നൽകിയത് . നിലവിൽ 32 വാർഡുകളുള്ള നീലേശ്വരം നഗരസഭയിൽ പുതിയ ഡിലിമിറ്റേഷൻ കണക്ക് പ്രകാരം വാർഡുകളുടെ എണ്ണം 34 ആയി ഉയരും. ചിലവാർഡുകൾ തമ്മിൽ കൂട്ടി ചേർക്കുമ്പോൾ ചിലത് പൂർണ്ണമായും ഇല്ലാതാകും. യു ഡി എഫ് വാർഡുകളാണ് ഇല്ലാതാവുക. സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍ വിഭജനത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് സി പി എം നീലേശ്വരത്ത് വാർഡുകളുടെ രൂപരേഖ തയ്യാറാക്കിയത്. നിലവിലുള്ള 32 വാർഡിൽ 21 വാർഡുകൾ ഇടത് പക്ഷത്തിന്റെ കയ്യിലും ഒമ്പത് വാർഡുകൾ യു ഡി എഫിന്റെ കയ്യിലും ഒന്ന് എസ് ഡി പി ഐ യുടെയും ഒന്ന് യു ഡി എഫ് റിബലിന്റെ കയ്യിലുമാണ്. നിലവിൽ എൽ ഡി എഫിന് നീലേശ്വരത്ത് മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും അടുത്ത് നടക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയം ക്ലേശകരമാണ്. ഇതാണ് സി പി എം പാർട്ടി തലത്തിൽ വാർഡ് വിഭജനം നേരെത്തെ തന്നെ പൂർത്തിയാക്കാൻ കാരണം. നീലേശ്വരത്ത് രണ്ട് വില്ലേജുകളാണ് നിലവിലുള്ളത്. ഇതിൽ പാർട്ടി ശക്തി കേന്ദ്രമായ പേരോൽ മേഖലയിൽ വാർഡുകൾ വർദ്ധിപ്പിച്ചു. യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളായ തീരദേശമേഖലയിൽ വാർഡുകളുടെ എണ്ണം കുറയ്ക്കാനാണ് പാർട്ടി തീരുമാനം. 25,26,27,28,29 വാർഡുകൾ ഉൾപ്പെടുന്ന തൈക്കടപ്പുറം മേഖലയിൽ നിലവിൽ 5 വാർഡുകളുണ്ടെങ്കിലും വിഭജനത്തോടെ നാലായി ചുരുങ്ങും. 28 തൈക്കടപ്പുറം സീ റോഡ് വാർഡ് പൂർണ്ണമായും ഇല്ലാതാവും. നിലവിൽ മുസ്ലിം ലീഗിലെ അന്‍വര്‍ സാദിഖാണ് ഇവിടുത്തെ മെമ്പർ. വാർഡ് വിഭജനം ഏറ്റവും നഷ്ടമുണ്ടാക്കുക മുസ്ലിം ലീഗിനായിരിക്കും. നഗരസഭയിൽ മുസ്ലിം ലീഗ് വിജയിക്കുന്ന വാർഡുകളാണ് കോട്ടപ്പുറവും, തൈക്കടപ്പുറം സീ റോഡും. കഴിഞ്ഞ ഭരണസമിതിയിൽ ലീഗിന് മൂന്ന് മെമ്പർമാരുണ്ടായിരുന്നെങ്കിലും വാർഡ് 26 തൈക്കടപ്പുറം സെന്‍റര്‍ എസ്.ഡി.പി.ഐ യിലെ അബൂബക്കര്‍ വി പിടിച്ചെടുത്തതോടെ രണ്ടായി ചുരുങ്ങി. പുതിയ വാർഡ് വിഭജനത്തോടെ സീ റോഡ് ഇല്ലാതാകുന്നതോടെ ലീഗിന്റെ മെമ്പർമാരുടെ എണ്ണം ഒന്നായി ചുരുങ്ങും. സി പി എം ശക്തി കേന്ദ്രങ്ങളായ കാര്യംകോട്, പള്ളിക്കര, പട്ടേന, വള്ളിക്കുന്ന് കൂടാതെ യു ഡി എഫ് വാർഡായ നീലേശ്വരം ടൌൺ വിഭജിച്ചാണ് പുതിയ വാർഡുകൾ രൂപീകരിക്കുക. ലീഗിന്റെ വാർഡായ കോട്ടപ്പുറം വിഭജിച്ചു കൊയാമ്പുറം ഉൾപ്പെടുത്തി ഉച്ചൂളി കുതിർ ആസ്ഥാനമായി പുതിയ വാർഡ് രൂപീകരിക്കാനും അണിയറ ചർച്ച നടക്കുന്നുണ്ട്. 
നീലേശ്വരം ടൌൺ വാർഡായ 32 വിഭജിച്ചു പുതിയ വാർഡ് രൂപീകരിക്കുന്നതോടെ കോൺഗ്രസിന് ഒരു വാർഡ് കൂടും. ലീഗിന് നഷ്ടം സംഭവിക്കുമ്പോൾ കോൺഗ്രസിന് നേട്ടമാകും. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് നീലേശ്വരം നഗരസഭയിൽ രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിൽ സി പി എം ന്റെ പല കുത്തക വാർഡുകളിലും ഉണ്ണിത്താന് നല്ല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇതാണ് സി പി എം നെ വാർഡ് വിഭജനം സംബന്ധിച്ച ചർച്ച നേരെത്തെ പൂർത്തിയാക്കാൻ വക നൽകിയത്. 
അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് സി പി എം തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇത് സംബന്ധിച്ച ചർച്ച നടന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വ്യക്തികൾക്ക് പാർട്ടിയിലുള്ള സ്ഥാനം അടിസ്ഥാനമാക്കിയാണ് സീറ്റ് നൽകിയിരുന്നെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ വ്യക്തികളുടെ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും സീറ്റ് നൽകുക. ശക്തരല്ലാത്ത മെമ്പർമാർ പാർട്ടിക്ക് ഭാരമാകുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. നീലേശ്വരം നഗരത്തിൽ വികസനമില്ലാത്ത വിഷയം പാർട്ടി സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചക്ക് വക നൽകിയിരുന്നു. പാർട്ടിയുടെ ശക്തി കേന്ദ്രമായ നീലേശ്വരം പടവലങ്ങ പോലെ വളർച്ച താഴോട്ടാണെന്നാണ് പാർട്ടി ഭാരവാഹികൾ പറഞ്ഞത്. കഴിവില്ലാത്ത വ്യക്തികളെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പാർട്ടിക്ക് ബ്രാഞ്ച് 
സമ്മേളനം നൽകിയ നിർദേശം. അടുത്ത തിരഞ്ഞെടുപ്പിൽ ശക്തരായ കഴിവുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. പാർട്ടി അണികളുമായും സാധാരണക്കാരുമായും അടുത്ത ബന്ധമില്ലാത്ത ശക്തരല്ലാത്തവരെ സ്ഥാനാർത്ഥികളാക്കിയാൽ നീലേശ്വരത്ത് വിജയം സി പി എം ന് വലിയ വെല്ലുവിളിയാകും. നീലേശ്വരത്തെ സി പി എം ന്റെ ശക്തി കേന്ദ്രങ്ങളിൽ നിന്നും ഉണ്ണിത്താന് വോട്ട് പോയത് സി പി എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ടി വി ശാന്തയുടെ നേതൃത്വത്തിലുള്ള ഭരണസമിതി കഴിഞ്ഞ അഞ്ചു വർഷം നോക്കുകുത്തിയായിരുന്നുവെന്നാണ് സി പി എം അണികളുടെ വിലയിരുത്തൽ. അടുത്ത മാസം നടക്കുന്ന സി പി എം ലോക്കൽ സമ്മേളനങ്ങളിൽ സ്ഥാനാത്ഥികളെ സംബന്ധിച്ചും നീലേശ്വരത്തെ വികസനം സംബന്ധിച്ചും ചർച്ച നടക്കും. അടുത്ത മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിലെ ഘടക കക്ഷികളായ കേരള കോൺഗ്രസ് ബി, കേരള കോൺഗ്രസ് എസ് തുടങ്ങിയ പാർട്ടികളും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് പാർട്ടികൾക്കും നിലവിൽ നീലേശ്വരത്ത് നല്ല അണികളുണ്ട്. ഇതും സി പി എം ന് തലവേദനയാകും.

No comments