
നീലേശ്വരം അങ്കക്കളരി പാടശേഖരത്തിനുകീഴിലെ അങ്കക്കളരി വയലിൽ കൃഷി ചെയ്ത് കൊയ്യാറായ നെൽകൃഷി കൂട്ടമായെത്തിയ കാട്ടുപന്നികൂട്ടം വ്യാപകമായി നശിപ്പിച്ചു. ഏകദേശം ഒരേക്കറോളം നെൽകൃഷി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കെ. വി. ശാന്ത, പി. വി. കൃഷ്ണൻ, പി. വി. ചന്ദ്രമതി, ഇ. വി. അമ്പു, ടി. വി. ബാലാമണി, ടി. വി. ശങ്കരൻ, പി. വി. രുഗ്മിണി,, പി. വി. ലക്ഷ്മി, ഇ. വി. ലക്ഷ്മി, അങ്കക്കളരി വേട്ടക്കൊരുമകൻ പാടാർകുളങ്ങര ഭഗവതിക്ഷേത്രം, കള്ളിപ്പാൽ വീട് തറവാട്, വടക്കേവീട് തറവാട്, ഇ. വി. മോഹനൻ എന്നിവരുടെ നെൽകൃഷികളാണ് നശിപ്പിക്കപ്പെട്ടത്. സ്വതവേ നഷ്ടത്തിലാകുന്ന നെൽകൃഷി കാട്ടുപന്നികൂട്ടങ്ങൾ നശിപ്പിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ സങ്കടത്തിലായിരിക്കയാണ് കൃഷിയിറക്കിയവർ. കുടുംബശ്രീയിൽ നിന്നും, ബാങ്കുകളിൽ നിന്നും വായ്പകളെടുത്താണ് കൃഷിചെയ്തിരിക്കുന്നത്. ഇപ്പോൾ ഇടയ്ക്കിടെ പെയ്യുന്ന മഴകൂടി വന്നതോടെ ആകെ സങ്കടത്തിലാണ് കർഷകർ. ഈയടുത്തിടെ അങ്കക്കളരി വയൽ റോഡിലൂടെ രാത്രിയിൽ കടയടച്ച് സ്കൂട്ടിയിൽ യാത്രചെയ്യുകയായിരുന്ന മണികണ്ഠൻ നീതു ദമ്പതികളുടെ സ്കൂട്ടിക്ക് കുറുകെ കുട്ടികളടക്കമുള്ള പതിനഞ്ചോളം കാട്ടുപന്നികൂട്ടം കുറുകെചാടി വലയം സൃഷ്ടിച്ചു. തുടർന്ന് യാത്ര ചെയ്യാനാകാതെ തിരിച്ചുപോയി.പന്നികളെ തുരത്താൻ അധികൃതർ ഇടപെടണമെന്ന് പാടശേഖരസെക്രട്ടറി വി. പി. നാരായണനും, പ്രസിഡണ്ട് എം. വി. ശ്യാമളകൃഷ്ണനും കൃഷിവകുപ്പ് അധികൃതരോടാവശൃപ്പെട്ടു. നീലേശ്വരം കൃഷി ഓഫീസർ ഏ.ഒ വേദിക കൃഷിയിടം സന്ദർശിച്ചു. പാടശേഖരസെക്രട്ടറി വി. പി. നാരായണനും കൂടെ ഉണ്ടായിരുന്നു.
No comments