Breaking News

നീലേശ്വരം ശ്രീ കേണമംഗലം കഴകം ബ്രഹ്മകലശ, പെരുങ്കളിയാട്ട മഹോത്സവം: സ്മരണിക കമ്മിറ്റി സെമിനാർ നടത്തി

ആഗോളീകൃത സമൂഹത്തിൽ നിന്നും മനുഷ്യജീവിതത്തിൻ്റെ നന്മ ചിഹ്നങ്ങൾ മായുമ്പോൾ സ്വത്വബോധം തിരിച്ചെടുക്കാൻ വ്യവസ്ഥിതിയോടുള്ള കലഹം അനിവാര്യമാണെന്ന് പ്രമുഖ ഫോക്‌ലോറിസ്റ്റും ഗ്രന്ഥകാരനുമായ ഡോ. രാഘവൻ പയ്യനാട് അഭിപ്രായപ്പെട്ടു. പതിനേഴു വർഷത്തെ ഇടവേളയ്ക്കു ശേഷം പെരുങ്കളിയാട്ടം നടക്കുന്ന നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതീ ക്ഷേത്രത്തിൽ സ്മരണിക കമ്മറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിച്ചമൂല്യമാണ് ഓരോ ഉത്സവത്തിൻ്റെയും ആധാര ബിന്ദു. അതുകൊണ്ടു തന്നെ ദരിദ്രമായ കാലത്തെ ഉത്സവങ്ങളിൽ നിന്നും പുതിയ കാലത്തെ ഉത്സവങ്ങൾ കെട്ടിലും മട്ടിലും മാറിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. പരസ്പരാശ്രയത്വമുള്ള ഒരു സമൂഹമാണ് ഉത്തര കേരളത്തിൽ കാണുന്നത്. അതിനാൽ തന്നെ എല്ലാ ജാതിക്കൂട്ടങ്ങളും ഒരു മിച്ചു ചേരുമ്പോഴേ സാമൂഹ്യ വൽക്കരണ പ്രക്രിയ സാധ്യമാവൂ. ഇതിലൂടെയാണ് ഓരോ സമുദായവും അവരുടെ വംശമഹിമയെ തൊട്ടറിയുന്നതും. ഇതിൽ പെരുങ്കളിയാട്ടങ്ങൾ പോലുള്ള ഉത്സവങ്ങൾ നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നു നടന്ന സെമിനാറിൽ പ്രമുഖ പ്രഭാഷകൻ ഡോ .വത്സൻ പിലിക്കോട് മോഡറേറ്ററായി. വടക്കൻ കേരളത്തിലെ തൊഴിൽ കൂട്ടായ്മ , സ്വത്വനിർമ്മിതിയും കുലദേവതാ സങ്കല്പങ്ങളും, സമുദായം - ഉൽപ്പത്തി പുരാവൃത്തവും വികാസവും എന്നീ വിഷയങ്ങളെ അധികരിച്ച് ഗവേഷകരായ ഡോ. സി. ബാലൻ, ചന്ദ്രൻ മുട്ടത്ത്, എൻ.വി. പ്രകാശൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സുവനീർ കമ്മറ്റി ചെയർമാൻ വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.നന്ദകുമാർ കോറോത്ത്, സി.എച്ച്. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

No comments