ചായ്യോത്ത് സ്‌കൂളിലെ സിസിടിവി നശിപ്പിക്കല്‍ പുതിയ വഴിത്തിരിവിലേക്ക്. തെളിവ് നശിപ്പിക്കാന്‍ പോലീസ് ഒത്താശയോടെയുള്ള നീക്കമെന്നു കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
ചായ്യോത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ മോഷ്ടിച്ചു കൊണ്ടുപോയെന്ന കേസ് പുതിയ വഴിത്തിരിവിലേക്ക്.
തെളിവ് നശിപ്പിക്കാന്‍ പോലീസിന്റെ ഒത്താശയോടെ നടത്തിയ ആസൂത്രണമാണിതെന്ന ആരോപണവുമായി കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. ഇക്കഴിഞ്ഞ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇവിടെ കെഎസ് യുവാണ് അട്ടിമറി വിജയം നേടിയത്. ഓഗസ്‌റ്റ് 19 ന് സ്‌കൂള്‍ കോംപൗണ്ടില്‍ കയറി വിദ്യാര്‍ത്ഥിയെ മര്‍ദിച്ച ക്രിമിനലിനെ സംരക്ഷിക്കാനാണിതെന്നും കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ നിസാര വകുപ്പ് ചേര്‍ത്ത് കേസ് എടുത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ സ്‌കൂള്‍ കുട്ടികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താതെ നിസാര വകുപ്പ് ചുമത്തി എഫ്‌ഐആര്‍ ഇട്ടുവെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം സ്‌കൂളിലെ സിസിടിവി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് സിസിടിവി നശിപ്പിക്കുകയും മോഷ്ടിച്ചുവെന്നു കേസ് വരികയും ചെയ്‌തത്. ക്രിമിനലിനു വേണ്ടി സ്‌കൂള്‍ അധികൃതരുടെ ഒത്താശയോടെ സിസിടിവി തകര്‍ത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംഭവം ഡിവൈഎസ്‌പിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളില്‍ ക്രിമിനലുകള്‍ക്ക് കയറിയിറങ്ങാന്‍ അവസരമൊരുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷനായി. നേതാക്കളായ സി.വി.ഭാവനന്‍, ഉമേശന്‍ വേളൂര്‍, സി.ഒ.സജി, സി.വി.ഗോപകുമാര്‍, ശ്രീജിത്ത് ചോയ്യംകോട്, അശോകന്‍ ആറളം, സി.വി.ബാലകൃഷ്‌ണന്‍, അജയന്‍ വേളൂര്‍, ജയകുമാര്‍ ചാമക്കുഴി, ജനാര്‍ദനന്‍ കക്കോല്‍, മേരി മാത്യു, ബാലഗോപാലന്‍ കാളിയാനം, ശശി ചാങ്ങാട്, രാകേഷ് കൂവാറ്റി, വിഷ്‌ണുപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments