Breaking News

യു ഡി എഫ്നെതിരെയുള്ള നഗരസഭ വൈസ് ചെയർമാൻ്റെ ആക്ഷേപം ചെയർപേഴ്സനെ ഉന്നംവെച്ചുള്ളത്: യു ഡി എഫ്

പൊട്ടി പൊളിഞ്ഞ സെപ്റ്റിക് ടാങ്കിൽ നിന്നും വമിക്കുന്ന ദുർഗന്ധം ശ്വസിക്കുന്നതിനേക്കാൾ മലീമസമായിട്ടാണ് നീലേശ്വരം നഗരസഭാ ഭരണം പൊതു സമൂഹത്തിന് അനുഭവപ്പെടുന്നതെന്ന് നീലേശ്വരം മുൻസിപ്പൽ യു ഡി എഫ് കമ്മിറ്റി ചെയർമാൻ ഇ.എം കുട്ടി ഹാജി, കൺവീനർ എറുവാട്ട് മോഹനൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപെട്ടു. നടുവൊടിയാതെ സഞ്ചരിക്കുവാൻ സാധ്യമായ ഒരു റോഡെങ്കിലും കാണിച്ച് തരുവാൻ നഗരസഭയ്ക്ക് സാധിക്കുമൊ? . പൊട്ടി പൊളിഞ്ഞ് ചെളിക്കളമായി മാറിയ റോഡുകളെ കൊണ്ട് പൊറുതിമുട്ടിയ ജനവികാരം, വാഹനത്തിൽ സഞ്ചാരം മാത്രം ദിനചര്യയാക്കിയ നഗരസഭാ ഭരണ കർത്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കില്ല. വരവറിയാതെ ചിലവുകൾ ചെയ്താൽ പെരുവഴിയാധാരമെന്ന ചൊല്ല് പോലെയാണ് ഇന്ന് നഗരസഭയുടെ അവസ്ഥ. നഗരസഭാ ഭരണം നീലേശ്വരത്തെ പൊതു സമൂഹത്തിന് വൻ ബാധ്യതയായി മാറിയിരിക്കുകയാണ്. താൽക്കാലിക ബസ്റ്റാൻ്റ് നടപ്പിലാക്കിയപ്പോൾ ഒരു മുൻകരുതലും ചെയ്യാതെ ജനങ്ങളെയും, പരിസരവാസികളെയും തീരാദുരിതത്തിലാക്കിയ ഭരണസമിതിയാണ്, വസ്തുതകൾ ചൂണ്ടിക്കാണിക്കുന്ന യു ഡി എഫ് കൗൺസിലർമാരെ ആക്ഷേപിക്കുന്നത്.
പൊതുജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ ഒന്ന് പോലും നിറവേറ്റുവാൻ സാധിക്കാതെ ചീഞ്ഞളിഞ്ഞ മാംസപിണ്ഡമായി നീലേശ്വരം നഗരസഭാ ഭരണം മാറിയിരിക്കുകയാണ്. നീലേശ്വരത്തിൻ്റെ
ഭാവി പാടെ മുരടിപ്പിക്കും വിധം നാഷണൽ ഹൈവേ വികസനം നടത്തുന്നതിനെ തിരെ പൊതു സമൂഹത്തിൻ്റെ ഒറ്റ കെട്ടായ സമരം നടത്താൻ പോലും സാധിക്കാതെ,നീലേശ്വരത്തെ വഞ്ചിച്ചവരാണ് നഗരസഭാ ഭരണകർത്താക്കൾ.
ഏകാധിപതിയായ നേതാവും, വ്യത്യസ്ത ചേരികളായി മാറിയ ഭരണനേതൃത്വവും നീലേശ്വരത്തിന് ശാപമാണ്. രാത്രികാലങ്ങളിൽ തെരുവ് വെളിച്ചമില്ലാതെ ദുരിതത്തിലായ ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി സമരം ചെയ്ത യുഡിഎഫ് കൗൺസിലർമാർ ഉയർത്തിയ വിഷയങ്ങളിൽ ഒന്നും ചെയ്യാനാകാതെ ശുംഭന്മാരായി മാറിയ ഭരണകർത്താക്കളുടെ കഴിവ് കേടിൽ നിന്നും ജനശ്രദ്ധ തിരിക്കുവാൻ നഗരസഭാ വൈസ് ചെയർമാൻ നടത്തുന്ന ഹീനശ്രമം ചെയർപേഴ്സനെ ഉന്നംവെച്ചുള്ളതാണെന്ന വസ്തുത ജനങ്ങൾക്ക് അറിയാം. നിശ്ചലമായ ഭരണത്തെയാണ് ചത്തതിന് തുല്യമായി ജനം കാണുന്നത്.
ഇനിയെങ്കിലും വിടുവായത്തം നിർത്തി നീലേശ്വരത്തിൻ്റെ വികസന കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ നഗരസഭ ശ്രമിക്കണമെന്നും യു ഡി എഫ് നേതാക്കൾ അഭിപ്രായപെട്ടു.

No comments