കിഫ്ബി സ്പെഷ്യൽ തഹസിൽദാർമാർക്ക് അടിക്കടി സ്ഥലംമാറ്റം: നീലേശ്വരം രാജാറോഡ് വികസന പദ്ധതി സ്തംഭനത്തിൽ
നീലേശ്വരം രാജാറോഡ് വികസന പദ്ധതി സ്തംഭനാവസ്ഥയിൽ.
ജില്ലയിലെ മൂന്നാമത്തെ നഗരസഭയായ നീലേശ്വരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്‌നപദ്ധതിയാണ് വഴിമുട്ടി നിൽക്കുന്നത്. 2018 ലെ സംസ്ഥാന ബജറ്റിലാണ് കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജാറോഡ് നവീകരണ പദ്ധതി പ്രഖ്യാപിച്ചത്. ദേശീയപാതയിലെ മാര്‍ക്കറ്റ് ജങ്‌ഷനില്‍ നിന്നു തുടങ്ങി മേല്‍പ്പാലം വരെ നീളുന്ന ഒരു കിലോമീറ്ററും 300 മീറ്ററും വരുന്ന റോഡാണ് രാജാറോഡ്. നഗരസിരാകേന്ദ്രമാണ് ഈ വഴി. കിഫ്‌ബി പദ്ധതിയില്‍ പ്രഖ്യാപിച്ച പദ്ധതിക്കു 2019 ല്‍ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടങ്ങി. ജില്ലയിലെ കിഫ്‌ബി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി കാസര്‍കോട് കലക്ടറേറ്റില്‍ പ്രത്യേക ഓഫിസ് അനുവദിച്ച് സ്‌പെഷ്യല്‍ തസഹില്‍ദാര്‍മാരെ നിയമിച്ചു. എന്നാല്‍ 3 വര്‍ഷത്തിനിടെ 4 കലക്ടര്‍മാര്‍ സ്ഥലംമാറിപ്പോയി. തിരുവനന്തപുരം സ്വദേശികളായ ആദ്യ 2 തഹലില്‍ദാര്‍മാരും അടിക്കടിയാണ് സ്ഥലം മാറിയത്. മൂന്നാമതെത്തിയ ആലപ്പുഴ സ്വദേശിനി ഒരു വര്‍ഷത്തോളമുണ്ടായ കാലത്താണ് സ്ഥലമേറ്റെടുപ്പിനുള്ള 11 / 1 ബി എന്ന ആദ്യ നോട്ടിഫിക്കേഷന്‍ ഇറക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഏതൊക്കെ സര്‍വേ നമ്പറിലെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നു എടുത്തു പറയുന്ന വിജ്ഞാപനമാണിത്. ഓരോ സര്‍വേ നമ്പറിലും എത്ര സ്ഥലം വീതമാണ് ഏറ്റെടുക്കേണ്ടതെന്നു പറയുന്ന 19 / 1 എന്ന വിജ്ഞാപനവും തുടർന്ന് ഇറങ്ങിയിട്ടുണ്ട്. റോഡ് നവീകരണത്തിനായി സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ട ചുമതല റവന്യൂ വകുപ്പിനും കിഫ്‌ബി റോഡുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് പിഡബ്ല്യുഡിയുടെ ഉപവിഭാഗമായി രൂപീകരിച്ച കേരള റോഡ് ഫണ്ട് ബോര്‍ഡും (കെആർഎഫ്ബി) ആണ്. ജില്ലക്കാരി തന്നെയായ വനിതാ സ്‌പെഷ്യല്‍ തഹസില്‍ദാർ സ്ഥാനമേറ്റതോടെ രാജാ റോഡ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ സ്‌തംഭനാവസ്ഥ ഇനിയെങ്കിലും നീങ്ങുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. അതിനായി ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നീലേശ്വരം നിവാസികള്‍.
No comments