Breaking News

നീലേശ്വരം ആരോഗ്യ രംഗത്തെ പ്രവര്‍ത്തന മികവിനുള്ള ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ നില മെച്ചപ്പെടുത്തി മടിക്കൈ പഞ്ചായത്ത്‌.

നീലേശ്വരം ആരോഗ്യ രംഗത്തെ പ്രവര്‍ത്തന മികവിനുള്ള ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ നില മെച്ചപ്പെടുത്തി മടിക്കൈ പഞ്ചായത്ത്‌.
കഴിഞ്ഞ തവണ ജില്ലാ തലത്തില്‍ മൂന്നാംസ്ഥാനം നേടിയ മടിക്കൈ ഇക്കുറി ജില്ലയില്‍ രണ്ടാംസ്ഥാനത്താണ്‌. ആയുര്‍വേദത്തില്‍ ഊന്നിയുള്ള ചിട്ടയാര്‍ന്നതും ശ്രദ്ധേയവുമായ പ്രവര്‍ത്തനങ്ങളാണ്‌ മടിക്കൈ നടത്തിയത്‌. ചാളക്കടവിലെ ആശുപത്രിയില്‍ ആയുര്‍വേദ കാന്‍സര്‍ ക്ലിനിക്‌ ഉള്‍പ്പെടെയുള്ള ചികിത്സാ പരിപാടികളില്‍ ജില്ലയ്‌ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള ആളുകളെത്തുന്നു. വന്ധ്യതാ ചികിത്സ, വയോജനങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതി എന്നിവയും പേവാര്‍ഡ്‌ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്‌. കഴിഞ്ഞ 18 വര്‍ഷം മെഡിക്കല്‍ ഓഫീസര്‍ ആയി ജോലി ചെയ്‌ത തൃശൂര്‍ സ്വദേശിനി പുല്ലൂരിലെ ഡോ.സ്വപ്‌നയാണ്‌ ഈ മികവിലേക്ക്‌ ആശുപത്രിയെ എത്തിച്ചത്‌. പൂത്തക്കാല്‍ കുടുബാരോഗ്യ കേന്ദ്രത്തിന്‌ കാലിച്ചാംപൊതി, ബങ്കളം, എരിക്കുളം, കാഞ്ഞിരപ്പൊയില്‍, മുണ്ടോട്ട്‌, ചെമ്പിലോട്ട്‌ എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുണ്ട്‌. ആയുര്‍വേ വിഭാഗത്തിന്‌ മലപ്പച്ചേരിയില്‍ സബ്‌ സെന്റര്‍ ഉണ്ട്‌. എരിക്കുളത്തെ മാതൃകാഹോമിയോ ഡിസ്‌പെന്‍സറിയില്‍ യോഗ പരിശീലനം ഉള്‍പ്പെടെയുണ്ട്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.പ്രീത, വൈസ്‌ പ്രസിഡന്റ്‌ വി.പ്രകാശന്‍, ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ പത്മനാഭന്‍, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.ശ്രുതി (പൂത്തക്കാല്‍ കുടുംബാരോഗ്യകേന്ദ്രം), ഡോ.സ്വപ്‌ന, ഡോ.ബിന്ദു (ചാളക്കടവ്‌ ഗവ.ആയുര്‍വേദ ആശുപത്രി), ഡോ.മുജീബ്‌ റഹ്മാന്‍ (മാതൃകാ ഹോമിയോ ആശുപത്രി, എരിക്കുളം) എന്നിവരാണ്‌ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌.
............................................
@ nileshwar today

No comments