Breaking News

സി.അമ്പുരാജ് എഴുതിയ ചോപ്പിന്റെ സമരസാക്ഷ്യങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നാളെ നീലേശ്വരത്ത് നടക്കും.

എഴുത്തുകാരനും നാടക പ്രവർത്തകനുമായ സി.അമ്പുരാജ് എഴുതിയ ചോപ്പിന്റെ സമരസാക്ഷ്യങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നാളെ നീലേശ്വരത്ത് നടക്കും.
ഉച്ചയ്ക്ക് 2.30 ന് ദേവരാഗം മിനി കോൺഫറൻസ് ഹാളിലാണ് പ്രകാശന ചടങ്ങ്. മുൻ എംപി, പി.കരുണാകരൻ എഴുത്തുകാരൻ പി.വി.ഷാജികുമാറിന് നൽകി പ്രകാശനം നിർവഹിക്കും. പ്രൊഫസർ കെ.പി.ജയരാജൻ അധ്യക്ഷത വഹിക്കും. കെ.ബാലകൃഷ്ണൻ പുസ്തക പരിചയം നടത്തും. കേരളത്തിലെ, വിശിഷ്യ ഉത്തര കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഏടുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മുൻ എംഎൽഎ, കെ.പി.സതീഷ്ചന്ദ്രനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യ സെല്ലിന്റെ സെക്രട്ടറിയായ പി കൃഷ്ണപിള്ള, പാവങ്ങളുടെ പടത്തലവന്‍  എന്ന് മറുപേരുള്ള എകെജി, ഇഎംഎസ്‌ മുതല്‍ അമ്പുരാജിന്റെ ജന്മനാടായ കയ്യൂരിലെയും നീലേശ്വരത്തെയും സമീപഗ്രാമങ്ങളിലെയും ത്യാഗധനരായ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെയും ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ അധ്യായങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കാനാവും. 
വടക്കേ മലബാറില്‍ നിന്ന്‌ കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിലേക്ക്‌ ഉയര്‍ന്നുവന്ന കരിവെള്ളൂര്‍ സമര നായകന്‍ എ.വി. കുഞ്ഞമ്പു, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ദേവയാനി, ആദ്യകാല കമ്മ്യൂണിസ്റ്റും ഇന്നത്തെ കാസര്‍കോട്‌ ജില്ല ഉള്‍പ്പെട്ട പഴയ കാസര്‍കോട് താലൂക്ക്‌ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കെ മാധവന്‍, വി.വി. കുഞ്ഞമ്പു, ടി.എസ്‌. തിരുമുമ്പ്, എന്‍.ജി. കമ്മത്ത്, മടിക്കൈ കുഞ്ഞിക്കണ്ണന്‍, ടി.കെ. ചന്തന്‍, എന്‍.കെ.കുട്ടന്‍, എം,എസ്‌.നമ്പൂതിരി, സി. കൃഷ്ണന്‍ നായര്‍, കനിംകുണ്ടില്‍ അപ്പുക്കാരണവര്‍, പരമേശ്വരി അന്തര്‍ജനം, വടക്കംതോട്ടത്തില്‍ അമ്പാടി, ചന്തു ഓഫീസര്‍, പി.അമ്പാടി, ചിണ്ടേട്ടന്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളുടെ ജീവിതത്തെ അമ്പുരാജ്‌ തന്റേതായ ശൈലിയില്‍ അനുസ്മരിക്കുന്നു. അമ്പുരാജിന്റെ രാഷ്ട്രീയ-സാഹിത്യ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കമ്മ്യൂണിസ്റ്റ്‌ സാംസ്കാരിക നായകനും കവിയും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന എം.എന്‍. കുറുപ്പിനെക്കുറിച്ച്‌ എഴുതിയ ഭാഗങ്ങള്‍ക്ക്‌ വൈകാരികതയുടെ സ്‌പര്‍ശമുണ്ട്. കയ്യൂര്‍, പുന്നപ്ര-വയലാര്‍, കരിവെള്ളൂര്‍ എന്നിങ്ങനെ കേരളത്തെ സ്വാധീനിച്ച മൂന്ന്‌ ചരിത്ര സംഭവങ്ങളെ വിശദീകരിക്കുന്ന ഭാഗങ്ങള്‍ ഇതില്‍ വ്യത്യസ്ത കാഴ്ചപ്പാടില്‍ നമുക്ക്‌ വായിക്കാനാവും. പാലക്കാട് നിന്നുള്ള കരിമ്പന പുസ്തകം ആണ് ചോപ്പിന്റെ സമരസാക്ഷ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ദേശാഭിമാനി ബാലരംഗത്തിലൂടെയാണ് അമ്പുരാജ് എഴുത്തിലേക്ക് രംഗപ്രവേശം നടത്തിയത്. എം.എന്‍.കുറുപ്പിന്റെ സ്നേഹമസൃണമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും കൈത്താങ്ങായി മാറി. ദേശാഭിമാനി ബാലസംഘം, വിദ്യാത്ഥി-യുവജന പ്രസ്ഥാനങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്ന അമ്പുരാജ് 1974 മുതൽ സിപിഎം അംഗമാണ്. ശന്തനുവിന്റെ പക്ഷി (കഥാസമാഹാരം), മരിച്ചവരുടെ മനുഷ്യൻ (കഥാസമാഹാരം), നരിത്തലയുള്ള നാലണ (ഓർമ്മ, യാത്ര) തീയ്യക്കുഞ്ഞിന്റെ ചൂട്ട് (നോവല്‍) എന്നിവയാണ് അമ്പുരാജിന്റെ മറ്റു കൃതികള്‍.

No comments