നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ അടിപ്പാതയിലുടക്കി നഗരസഭ വൈസ് ചെയർമാനും പ്രതിപക്ഷ നേതാവും
ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ പണി തുടങ്ങിയ അടിപ്പാതയുടെ പേരിൽ കൊമ്പുകോർത്ത് നഗരസഭയിലെ ഭരണ, പ്രതിപക്ഷങ്ങൾ.
നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫിയും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീറും പരസ്യ പ്രസ്താവനാ യുദ്ധം തന്നെയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയ യുഡിഎഫ് എട്ടുകാലി മമ്മൂത്തി ചമയുകയാണെന്ന് മുഹമ്മദ് റാഫി കുറ്റപ്പെടുത്തി. നീലേശ്വരത്തിന് അനുവദിച്ച എംബാങ്ക്ഡ് ബ്രിഡ്ജിന് പകരം എലവേറ്റഡ് ബ്രിഡ്ജിനായി ശ്രമങ്ങൾ സജീവമായി തുടരുമ്പോഴും അനുവദിച്ചു കിട്ടിയിട്ടില്ല. നിലവിൽ അനുവദിച്ച എംബാങ്ക്ഡ് രീതിയിലുള്ള നിർമാണത്തിൽ വാഹനങ്ങൾക്ക് ഹൈവേ ഇരുവശത്തേക്കും ക്രോസ് ചെയ്യാനുള്ള വിയുപി എന്ന സൗകര്യം 25 മീറ്റർ വീതിയിലും അഞ്ചര മീറ്റർ ഉയരത്തിലും നിർമിക്കുന്നത് പോലീസ് സ്റ്റേഷന് സമീപമാണ്.
ഇങ്ങനെ സംഭവിച്ചാൽ മാർക്കറ്റ് ജങ്ഷൻ പ്രദേശം രണ്ടായി പകുക്കപ്പെടുന്നതിനാൽ മാർക്കറ്റ് ജങ്ഷനിൽ രാജാറോഡിന് അഭിമുഖമായി അടിപ്പാത നിർമിക്കണമെന്നുള്ള ആവശ്യം എം.രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉയർത്തുകയും ഹൊസ്ദുർഗ് താലൂക്ക് ഓഫീസിൽ ചേർന്ന ദേശീയപാത നിർമാണ അവലോകന യോഗത്തിലും ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത വികസന പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടർ പുനീത് കുമാർ നീലേശ്വരം മാർക്കറ്റ് ജങ്ഷൻ സന്ദർശിച്ച് ആവശ്യം ന്യായമാണെന്ന് നേരിട്ട് ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് 4 മീറ്റർ വീതം വീതിയും നീളവുമുള്ള മിനി വിയുപി ഇവിടെ അനുവദിച്ചത്. ഇതിന്റെ നിർമാണമാണ് കഴിഞ്ഞ ദിവസം ദിവസം തുടങ്ങിയതും. കാര്യങ്ങൾ ഇതായിരിക്കെ ഇതിന്റെ ആള് നമ്മളാണെന്ന അവകാശവാദവുമായി വരുന്നവർ പൊതുജനമധ്യത്തിൽ അപഹാസ്യരാകുമെന്നും മുഹമ്മദ്റാഫി കൂട്ടിച്ചേർത്തു.
ദേശീയപാത വികസനം സംബന്ധിച്ച് ഇന്നലെ വരെ ഉറങ്ങിക്കിക്കുകയും ഇതിനായി ഇടപെടലുകൾ നടക്കുമ്പോൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുന്നവരാണ് യഥാർത്ഥ എട്ടുകാലി മമ്മൂഞ്ഞിമാരെന്ന് നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ തിരിച്ചടിച്ചു. ഒരു പടികൂടി കടന്ന്, ഇതുമായി ബന്ധപ്പെട്ട് ഇനി മാർക്കറ്റ് ജങ്ഷൻ മേഖലയിൽ നടക്കാനിരിക്കുന്ന കാര്യം മുഹമ്മദ് റാഫി പ്രവചിക്കട്ടെയെന്നും ഷജീർ പരിഹസിച്ചു. ഇക്കാര്യത്തിൽ നഗര ഭരണാധികൾ ഒന്നും ചെയ്തില്ല എന്ന നഗ്നസത്യം പൊതു സമൂഹം മനസിലാക്കിയിട്ടുണ്ട്. നീലേശ്വരത്തിന്റെ ഭാവിക്കായി ഒന്നിക്കേണ സമയത്ത് രാഷ്ട്രീയം കളിച്ചാൽ പൊതുജനം ചവറ്റുകൊട്ടയിൽ എറിയുമെന്നും ഷജീർ കൂട്ടിച്ചേർത്തു.
No comments