"ചോപ്പിന്റെ സമരസാക്ഷ്യം" പ്രകാശന ചടങ്ങില്‍തിരുമുമ്പിനെച്ചൊല്ലി വാദപ്രതിവാദം
അമ്പുരാജ് എഴുതിയ ചോപ്പിന്റെ സമരസാക്ഷ്യങ്ങള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങില്‍ കവി ടി.എസ്.തിരുമുമ്പിനെച്ചൊല്ലി വാദപ്രതിവാദം.
നീലേശ്വരം കോട്ടപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ പുസ്‌തകാവതരണം നടത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.ബാലകൃഷ്‌ണനാണ് ടി.എസ്.തിരുമുമ്പിനെപ്പറ്റി പറയവെ പാര്‍ട്ടിയെ വഞ്ചിച്ചയാളാണ് തിരുമുമ്പ് എന്നു പറഞ്ഞത്. തിരുമുമ്പിന്റെ മാപ്പപേക്ഷ പാര്‍ട്ടിക്കെതിരെയുള്ള ഒന്നാം തെളിവായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും എന്നിട്ടും കമ്മ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ചുള്ള അറിയപ്പെടാത്ത ഓര്‍മകള്‍ സമാഹരിച്ച ഈ പുസ്‌തകത്തില്‍ പ്രാധാന്യത്തോടെ തന്നെ തിരുമുമ്പിനെ അവതരിപ്പിച്ചുവെന്നുമാണ് കെ.ബാലകൃഷ്‌ണന്‍ പറഞ്ഞത്. ആശംസാപ്രസംഗം നടത്തവെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിഎംപി നേതാവുമായ വി.കെ.രവീന്ദ്രനാണ് ഇതിനെതിരെ ആഞ്ഞടിച്ചത്. പാര്‍ട്ടി വഞ്ചകനായ വ്യക്തിയാണ് തിരുമുമ്പെങ്കില്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് മടിക്കൈ അമ്പലത്തുകരയില്‍ ടി.എസ്.തിരുമുമ്പ് സ്‌മാരകം കെട്ടിപ്പൊക്കിയതെന്തിനാണെന്നു വി.കെ.രവീന്ദ്രന്‍ തിരിച്ചു ചോദിച്ചു. ഈ തുക കൊണ്ട് പല തദ്ദേശസ്ഥാപനങ്ങളില്‍ മിനി തിയറ്ററുകള്‍ പണിയാമായിരുന്നില്ലേയെന്നും കൂട്ടിച്ചേര്‍ത്തു. പുസ്‌തകം പ്രകാശനം ചെയ്‌ത സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി.കരുണാകരന്‍ ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നവര്‍ രവീന്ദ്രന്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് എതിര്‍വാദം ഉയര്‍ത്തിയതുമില്ല. വൈകാരിക പ്രധാനവും വസ്‌തുതാപരവുമാണ് സി.അമ്പുരാജ് പുസ്‌തകത്തില്‍ സമാഹരിച്ച ജീവചരിത്രക്കുറിപ്പുകളെന്നും രവീന്ദ്രന്‍ പറഞ്ഞു.
No comments