ദേശീയപാത വികസന പദ്ധതിയിൽ നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ പണി തുടങ്ങിയ അടിപ്പാത ബസ് വേ ആയി വികസിക്കുമെന്ന പ്രതീക്ഷയിൽ നീലേശ്വരം.
ദേശീയപാത വികസന പദ്ധതിയിൽ നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ പണി തുടങ്ങിയ അടിപ്പാത ബസ് വേ ആയി വികസിക്കുമെന്ന പ്രതീക്ഷയിൽ നീലേശ്വരം.
മാർക്കറ്റ് റോഡിനെയും എതിർവശത്തെ ആനച്ചാൽ - ഓർച്ച റോഡുകളെയും ബന്ധിപ്പിച്ചാണ് അടിപ്പാത നിർമാണം തുടങ്ങിയത്. എന്നാൽ ഒരു ഓട്ടോറിക്ഷയ്ക്ക് കടന്നുപോകാനും എതിർ ഭാഗത്തുകൂടി ഒരു ഇരുചക്രവാഹനത്തിന് കടന്നു വരാൻ സാധിക്കുന്ന വിധം 3 മീറ്റർ വീതിയിലും ഉയർത്തിലുമായിരുന്നു ഇവിടെ അടിപ്പാത വിഭാവനം ചെയ്തിരുന്നത്. 4 റോഡുകളുടെ സംഗമസ്ഥാനവും പതിറ്റാണ്ടുകളായി ദേശീയ പാതയിലെ തിരക്കേറിയ വ്യാപാര കേന്ദ്രവുമായ ഈ മേഖലയുടെ സജീവത കെടുത്തും വിധം റോഡ് രണ്ടായി പകുത്ത് എംബാങ്ക്ഡ് ബ്രിഡ്ജ് പണിയുകയും ഇരുണ്ട ഒരു മാളം എന്നതു പോലെ ഇടുങ്ങിയ അണ്ടർപാസ് അനുവദിക്കുകയും ചെയ്തത് നീലേശ്വരത്തെ നിരാശപെടുത്തിയിരുന്നു. ഇതിനിടെയാണ് പുതു പ്രതീക്ഷയായി 4 മീറ്റർ വീതിയിലും ഉയരത്തിലും അണ്ടർപാസ് വികസിക്കാനുള്ള സാധ്യത തെളിഞ്ഞത്. നിർമാണത്തിനായി മണ്ണു നീക്കിത്തുടങ്ങിയതേയുള്ളൂ എന്ന സാങ്കേതികത്വത്തിന്റെ പഴുത് ഉപയാഗിച്ച് ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളുടെയും ഇടപെടുത്തി വീതിയും ഉയരവും 5 മീറ്റർ എങ്കിലും ആയി ഉയർത്താനുള്ള ശ്രമവും ഊർജിതമാണ്. ഇവിടെ എംബാങ്ക്ഡ് ബ്രിഡ്ജിന് പകരം എലവേറ്റഡ് ബ്രിഡ്ജ് എന്ന ആവശ്യത്തിന് സാധ്യത മങ്ങിയതോടെ നിരാശയിലായ നീലേശ്വരം നഗരവാസികൾക്ക് ഈ ദിശയിലുള്ള നീക്കങ്ങൾ പ്രതീക്ഷ പകർന്നിട്ടുണ്ട്. നഗരസഭ ടൗൺ വാർഡ് കൗൺസിലർ ഇ.ഷജീർ ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് അടിയന്തര ഇമെയിൽ സന്ദേശവും അയച്ചു. മാർക്കറ്റ് ജങ്ഷനെ രണ്ടായി പകുക്കുന്ന എംബാങ്ക്‌ഡ് ബ്രിഡ്ജിനു പകരം എലവേറ്റഡ് ബ്രിഡ്ജ് ആവശ്യപ്പെട്ട് നേരത്തെ നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. സർവകക്ഷി നിവേദക സംഘങ്ങളും ഇതിനായി ഇടപെട്ടു.
No comments