Breaking News

ചിറപ്പുറം കുറത്തിക്കുന്നിലെ പവിത്രന്റെ നിര്യാണത്തോടെ ഓർമയായത് നീലേശ്വരത്തിന്റെ സ്വന്തം " സ്‌റ്റൈൽ മന്നൻ".

ചിറപ്പുറം കുറത്തിക്കുന്നിലെ പവിത്രന്റെ നിര്യാണത്തോടെ ഓർമയായത് നീലേശ്വരത്തിന്റെ സ്വന്തം " സ്‌റ്റൈൽ മന്നൻ".
പല ദിവസങ്ങളിൽ പല രൂപം എന്നതായിരുന്നു പവിത്രന്റെ ശീലം. വസ്ത്രധാരണം, ഹെയർ ഡ്രസിങ് താടിയും മീശയും ഒപ്പിക്കൽ എല്ലാം തന്റേതായ രീതിയിലായിരുന്നു; കാണുന്നവർക്ക് കൗതുകം പകരുന്നതുമായിരുന്നു. ചില ദിവസങ്ങളിൽ 10 വിരലുകളിലും മോതിരം. മറ്റു ചിലപ്പോൾ കൃതാവ് ഒപ്പിച്ചതിലായിരിക്കും കൗതുകം. വേറൊരു ദിവസം വസ്ത്രധാരണത്തിൽ. ജീവിക്കാനായി ലോട്ടറി വിറ്റു നടക്കുമ്പോഴും കലയും സാഹിത്യത്തോടുമുള്ള അഭിനിവേശം കെടാതെ മനസിൽ സൂക്ഷിച്ചു. അവസരം കിട്ടിയപ്പോഴെല്ലാം മടിയേതുമില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തു. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം സിനിമയിൽ മുഖം കാണിക്കാൻ അവസരം കിട്ടിയത് പവിത്രനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. കാണുന്നവരോടെല്ലാം ചിരിക്കുകയും ഇതിൽ ആവർത്തിച്ചു കണ്ട് ഇഷ്ടം തോന്നുന്നവരുടെ പേര് പഠിച്ചു വെക്കുകയും ചെയ്യുന്നത് പവിത്രന്റെ പല പല വിചിത്ര ശീലങ്ങളിൽ മറ്റൊന്നായിരുന്നു.  ചിത്രകാരനും എഴുത്തുകാരനുമായ ദിനേശൻ പൂച്ചക്കാട് സംവിധാനം ചെയ്ത രാമനും കദീജയും എന്ന ചിത്രത്തിൽ ഒരു വേഷം തരാമോ എന്നു ചോദിച്ചെത്തിയ പവിത്രൻ സമ്മതമറിയിച്ചപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നുവെന്നാണ് ദിനേശൻ പൂച്ചക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിൽ ലോട്ടറി വിൽപനക്കാരന്റെ വേഷം തന്നെയാണ് പവിത്രന് കൊടുത്തതും. കഴിഞ്ഞ ദിവസം പാതിരാത്രിയിൽ അവസാനമായി അയച്ച ഫോട്ടോയും മരണ ശേഷമാണ് താൻ ഇതു കണ്ടതെന്ന കുറ്റസമ്മതത്തോടെ ദിനേശൻ പൂച്ചക്കാട് കുറിപ്പിനൊപ്പം പങ്കു വച്ചിട്ടുണ്ട്.  ഏതാണ്ടെല്ലാ വിരലിലും മോതിരമണിഞ്ഞ് ഏതോ ടെലിഫിലിമിലെ അഭിനയത്തിന് കിട്ടിയ സ്നേഹോപഹാരവുമേന്തി നിൽക്കുന്ന പവിത്രന്റെ ചിത്രം. രാമനും കദീജയും റിലീസ് ചെയ്യുമ്പോൾ പവിത്രൻ കാണാനില്ലല്ലോ എന്ന സങ്കടവും പങ്കു വെച്ചാണ് ദിനേശൻ കുറിപ്പ് ചുരുക്കുന്നത്. വടക്കുംനാഥൻ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം നിരവധി ചിത്രങ്ങളുടെ ചിത്രീകരണം കാസർകോട് ജില്ലയിൽ നടന്നപ്പോൾ ലൊക്കേഷനുകളിലെല്ലാം പോയി അലഞ്ഞു നടക്കുമായിരുന്നു പവിത്രൻ. പലതിലും ആൾക്കൂട്ടത്തിന്റെ ഭാഗമായിട്ടൊക്കെ അവസരവും കിട്ടി. അതിലൊക്കെയും തന്റെ വേറിട്ട പ്രകൃതത്താൽ സ്വയം അടയാളപ്പെടുത്തുകയും ചെയ്തു. ചിത്രീകരണം നടക്കുന്ന വിനു കോളിച്ചാലിന്റെ യുദ്ധാനന്തരം രുഗ്മിണി എന്ന ചിത്രത്തിലും വേഷമുണ്ടായിരുന്നു. ചിത്രം വരക്കുകയും കവിത എഴുതുകയും ചെയ്യുമായിരുന്നു. തന്റെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്കെല്ലാം രചനകൾ അയച്ചു കൊടുക്കുകയും ചെയ്യും. വയനാടിനെക്കുറിച്ച് ദുരന്ത ചിത്രമെന്ന കവിത ഇത്തരത്തിൽ സുഹൃത്തുക്കൾക്കെല്ലാം കിട്ടിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഈ കവിതയിൽ പവിത്രൻ തന്നെ എഴുതിയതു പോലെ 'തീരാനോവു പകരും തീരാനഷ്ടം' തന്നെയായി പേരറിയില്ലെങ്കിലും ഒരിക്കലെങ്കിലും മുഖത്തു നോക്കി ചിരിച്ചിട്ടുള്ളവർക്കെല്ലാം ആ വിയോഗം.

No comments