Breaking News

രാഷ്ട്രീയ രംഗത്ത് സ്വാധീന ശക്തിയാകാൻ മർച്ചന്റ്സ് അസോസിയേഷൻ: 140 നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികൾ: കാഞ്ഞങ്ങാട്ടെ കമ്മിറ്റി രൂപീകരണം നാളെ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ വീണ്ടും രാഷ്ട്രീയ രംഗത്തേക്കോ? ഈ സംശയം ബലപ്പെടുത്തി രാഷ്ട്രീയ രംഗത്ത് സ്വാധീന ശക്തിയാകാൻ ഒരുങ്ങുകയാണ് സമിതി. സംസ്ഥാനത്ത് അതിശക്തമായ വോട്ട് ബാങ്കിന്റെ പിൻബലമുള്ള കൂട്ടായ്മയാണ് വ്യാപാരി സമൂഹം. കച്ചവടക്കാരുടെ പ്രശ്നങ്ങൾക്ക് നേരെ എന്നും കണ്ണടയ്ക്കുന്ന അവസ്ഥ മാറാനും കച്ചവടക്കാരുടെ ശബ്ദം നിയമ നിർമാണ സഭകളിൽ ഉയരാനും വ്യാപാരികളിൽ നിന്നും പ്രതിനിധികൾ ഉണ്ടാകേണ്ടതുണ്ടെന്ന പ്രഖ്യാപനത്തോടെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ച് പ്രാഥമിക പ്രവർത്തനം നടത്താൻ സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ ഭാരവാഹികൾ കാഞ്ഞങ്ങാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 5 നിയമസഭാ നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികൾ വരും. ആദ്യ നിയോജക മണ്ഡലം കമ്മിറ്റിയുടെ രൂപീകരണം കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഒടയംചാലിൽ നടക്കും. ഒടയംചാൽ വ്യാപാര ഭവനിൽ രാവിലെ 11 മണിക്ക് ചേരുന്ന രൂപീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, വൈസ് പ്രസിഡന്റ് ഹംസ പാലക്കി, സെക്രട്ടറിമാരായ സി.കെ. ആസിഫ്, വി.കെ. ഉണ്ണികൃഷ്ണൻഎന്നിവർക്കൊപ്പം മണ്ഡലത്തിലെ മുപ്പതോളം യൂണിറ്റുകളുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർമാർ, ജില്ലാ കൗൺസിലർമാർ എന്നിവർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, ജനറൽ സെക്രട്ടറി കെ.ജെ. സജി, സെക്രട്ടറി സി.കെ. ആസിഫ്, ഹംസ പാലക്കി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

No comments