നീലേശ്വരത്തെ മിനി സിവിൽ സ്റ്റേഷൻ: മണ്ണ് പരിശോധനയ്ക്ക് ഒരുക്കങ്ങളായി; ഇന്ന് തുടങ്ങിയേക്കും
പോയ വർഷങ്ങളിൽ വിവിധ സർക്കാർ ഓഫീസുകൾ നഷ്ടമായ നീലേശ്വരത്തിന് പ്രതീക്ഷയേകി നീലേശ്വരത്തെ മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് പുതുജീവൻ.
നീലേശ്വരം വില്ലേജ് ഓഫീസ് നിൽക്കുന്ന സ്ഥലത്ത് വിഭാവനം ചെയ്ത പദ്ധതിയുടെ മണ്ണ് പരിശോധനയ്ക്കുള്ള മുന്നൊരുക്കങ്ങൾ എല്ലാമായി. ഇന്നു തന്നെ മണ്ണ് പരിശോധനാ നടപടികൾ തുടങ്ങാനാകും വിധമാണ് ക്രമീകരണം. ഇതിന് മുന്നോടിയായി പിഡബ്ല്യുഡിയുടെ റിജനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ജിയോ ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചു. നീലേശ്വരം വില്ലേജ് ഓഫീസ് വളപ്പിൽ 5 ഇടങ്ങളിലായാണ് മണ്ണു പരിശോധന നടത്തുക. ഇതിന്റെ പോയിന്റുകൾ ഇന്നലെ എത്തിയ ഉദ്യോഗസ്ഥ സംഘം മാർക്ക് ചെയ്തു നൽകി. മണ്ണു പരിശോധന പൂർത്തിയാകുന്നതോടെ ഇതിന്റെ റിപ്പോർട്ട് നൽകും.
5 കോടി രൂപ ചെലവിലാണ് നീലേശ്വരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. 2020-21 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. പഞ്ചായത്ത് കാലത്ത് വിവിധ വകുപ്പുകളുടെ ജില്ലാ ആസ്ഥാനങ്ങൾ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന നീലേശ്വരത്ത് നഗരസഭയായി ഉയർന്നതോടെ സ്ഥല പരിമിതികൾ ചൂണ്ടിക്കാട്ടി ഇവയെല്ലാം ഒന്നൊന്നായി നഷ്ടപ്പെടുന്ന സ്ഥിതിയാണുണ്ടായത്. ഇവിടെ മിനി സിവിൽ സ്റ്റേഷൻ നിർമിച്ച് ഇവയും പുതിയ ഓഫീസുകളും നീലേശ്വരത്തേക്ക് കൊണ്ടുവരാമെന്ന ആശയം ഉയർന്നപ്പോൾ കാഞ്ഞങ്ങാട്ട് മിനി സിവിൽ സ്റ്റേഷൻ ഉള്ളതിനാൽ നീലേശ്വരത്ത് പുതിയതൊന്ന് ആവശ്യമില്ലെന്ന ഒരു വിഭാഗം റവന്യൂ ഉദ്യോഗസ്ഥരുടെ വിചിത്രമായ കണ്ടെത്തൽ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. ചുവപ്പു നാടകൾ അഴിഞ്ഞ് പദ്ധതി മണ്ണു പരിശോധനാ ഘട്ടത്തിലേക്കെത്തിയത് നീലേശ്വരത്തുകാരെ ആഹ്ലാദത്തിലാഴ്ത്തിയിട്ടുണ്ട്.
No comments