Breaking News

നിർദിഷ്ട സോളാർ പദ്ധതി: വെള്ളൂട - കാനം ജനകീയ സമര സമിതി കാഞ്ഞങ്ങാട് ആർഡിഒ ഓഫീസ് മാർച്ച് നടത്തി

മടിക്കൈ പഞ്ചായത്ത് ഒന്നാം വാർഡിൽ പെട്ട വെള്ളൂട, കോടോം ബേളൂർ 18ാം വാർഡിലെ കാനം പ്രദേശങ്ങളിലായി സ്വകാര്യ കമ്പനി സ്ഥാപിക്കുന്ന നിർദിഷ്ട സോളാർ കമ്പനിക്കെതിരെ ജനകീയ സമരസമിതിയുടെ പ്രതിഷേധം.
വെള്ളൂട - കാനം ജനകീയ സമരസമിതിയാണ് കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഹൊസ്ദുർഗ് സിഐ, പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് തടഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ അശോകൻ മുട്ടത്ത് അധ്യക്ഷനായി. ഈ പ്രദേശത്തെ നിരവധി കുളങ്ങളും കുടിവെള്ള സ്രോതസുകളും ഇല്ലാതാക്കിയാണ് സോളാർ പാനൽ സ്ഥാപിക്കുന്നത്. പാനലുകൾ വൃത്തിയാക്കാൻ കൂടിയ അളവിൽ വെള്ളം ആവശ്യമാണെന്നും ഇത് ജലക്ഷാമം രൂക്ഷമാക്കി കൃഷിയെയും കന്നുകാലി വളർത്തലിനെയും ബാധിക്കുമെന്ന് ജനകീയ സമിതി പറഞ്ഞു. പ്രദേശവാസികളുടെ ഉപജീവന മാർഗങ്ങളെയും ഇത് തടസപ്പെടുത്തും. ബിജെപി ജില്ലാ സെക്രട്ടറിയും മടിക്കൈ പഞ്ചായത്ത് അംഗവുമായ എ.വേലായുധൻ, ബിഎംഎസ് ജില്ലാ ജനറൽ സെക്രട്ടറി കെ.വി.ബാബു, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, സമരസമിതി ചെയർമാൻ ഭാസ്കരൻ ഏച്ചിക്കാനം, സുനിൽ വാഴക്കോട്, അജയകുമാർ നെല്ലിക്കാട്ട് എന്നിവർ പ്രസംഗിച്ചു. സമരസമിതി കൺവീനർ ശ്രീജിത്ത് പറക്കളായി സ്വാഗതവും ചെയർമാൻ കാനത്തിൽ കണ്ണൻ നന്ദിയും പറഞ്ഞു. സോളാർ പദ്ധതി നിർത്തി വെക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സബ് കലക്ടർ സൂഫിയാൻ അഹമ്മദിന് നിവേദനവും നൽകി. സ്മൃതി മണ്ഡപം കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് കെ.ശോഭന ഏച്ചിക്കാനം, കുഞ്ഞിക്കണ്ണൻ തുണുപ്പ്, വേണു കാനത്തിൽ, പ്രകാശൻ മടിക്കൈ, ഗംഗാധരൻ കാനത്തിൽ, പി.മനോജ് വാഴക്കോട്, കെ.മോഹനൻ വാഴക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

No comments