തണൽ ഏർപ്പെടുത്തിയ കെ.എം. ജോസ് എൻഡോവ്മെന്റ് നാടക പ്രതിഭ രാജ്മോഹൻ നീലേശ്വരത്തിന്.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ തണൽ ഏർപ്പെടുത്തിയ കെ.എം. ജോസ് എൻഡോവ്മെന്റ് നാടക പ്രതിഭ രാജ്മോഹൻ നീലേശ്വരത്തിന്.
കേരള സംഗീത നാടക അക്കാദമി അംഗമായ രാജ്മോഹൻ നീലേശ്വരം അക്കാദമി ദ്വൈമാസികയായ കേളിയുടെ പത്രാധിപ സമിതി അംഗവുമാണ്. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം 32 വർഷത്തോളം കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകനായിരുന്നു. വിദ്യാർത്ഥിയായിരിക്കെ രചിച്ച എലിയെ കൊല്ലാൻ തമ്പുരാൻ ഇല്ലം ചുടട്ടെ എന്ന നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടു. വിവാദങ്ങൾ സൃഷ്ടിച്ച മാറ്റിവച്ച തലകൾ എന്ന നാടകം സംസ്ഥാന തലത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ റേഡിയോ നിലയങ്ങൾക്കും സ്കൂൾ, കോളേജ് കലോത്സവ വേദികൾക്കും വേണ്ടി നാടകങ്ങൾ എഴുതി. നാടക രചനയിലെ മികവിന് കേരള സാഹിത്യ അക്കാദമി, അബുദാബി ശക്തി, ജോസഫ് മുണ്ടശ്ശേരി, പി.ജെ. ആന്റണി ദേശീയ സ്പെഷ്യൽ ജൂറി അവാർഡ്, പി.എം. താജ് പുരസ്കാരം എന്നിവ നേടി. പ്രസിദ്ധീകരിച്ച 8 നാടക സമാഹാരങ്ങളിലായി അറുപതോളം നാടകങ്ങൾ ഉണ്ട്. കുടുംബ സമേതം പയ്യന്നൂരിലാണ് ഇപ്പോൾ താമസിക്കുന്നത്. സഹകരണ വകുപ്പിൽ ഓഡിറ്റർ ആയ സീമാഭായിയാണ് ഭാര്യ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല - കുസാറ്റ് വിദ്യാർത്ഥിനി സങ്കീർത്തന, അധ്യാപക പരിശീലനം നേടിയ ഋഷികേശ് എന്നിവർ മക്കളാണ്. ജൂലൈ 28 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കെ.എം. ജോസ് അനുസ്മരണത്തിൽ സിനിമാ താരം സന്തോഷ് കീഴാറ്റൂർ എൻഡോവ്മെന്റ് സമ്മാനിക്കും. സംഗീത നാടക അക്കാദമി അവാർഡ് നേടിയ സംവിധായകൻ വി.ശശി നീലേശ്വരത്തെയും കീഴാറ്റൂർ ആദരിക്കും. തണൽ പ്രതിഭ പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും. വിവിധ മേഖലകളിലെ ഉന്നതവിജയികൾക്ക് അനുമോദനവുമുണ്ടാകും.
No comments