Breaking News

രാജ്യത്തെ ആദ്യ വനിതാ ഫുട്ബോൾ അനലിസ്റ്റ് ആയി നീലേശ്വരം ബങ്കളത്തെ എം. അഞ്ജിത.

സ്വന്തം ടീമിന്റെയും എതിരാളികളുടെയും ഫുട്ബോൾ കളിയുടെ വീഡിയോ വിലയിരുത്തി കളിയുടെ തന്ത്രം മെനയുന്ന രാജ്യത്തെ ആദ്യ വനിതാ ഫുട്ബോൾ അനലിസ്റ്റ് ആയി നീലേശ്വരം ബങ്കളത്തെ എം. അഞ്ജിത.
23 കാരിയായ അഞ്ജിത ഗോകുലം കേരള എഫ്സി സീനിയർ വനിതാ ടീമിന്റെ വീഡിയോ അനലിസ്റ്റ് ആയി ഒരു വർഷത്തേക്കാണ് കരാർ ഒപ്പു വച്ചിരിക്കുന്നത്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യ വാരമോ ജോലിയിൽ പ്രവേശിക്കും. നേരത്തെ മുത്തൂറ്റ് എഫ്സിയുടെ വീഡിയോ അനലിസ്റ്റ് ആയിരുന്നു. പ്രൊഫഷണൽ ഫുട്ബോൾ സ്കൗട്ടിങ് അസോസിയേഷനിൽ (പിഎഫ്എസ്എ) നിന്നാണ് കോഴ്സ് പൂർത്തിയാക്കിയത്. കേരള ബ്ലാസ്റ്റേഴ്സ‌് വനിതാ ടീം പരിശീലകൻ ഷരീഫ് ഖാൻ്റെ പിന്തുണയും അനലിസ്റ്റ് ആനന്ദ് വർധൻ്റെ (ഡൽഹി) പ്രോത്സാഹന വും സഹായമായെന്ന് അഞ്ജിത പറഞ്ഞു. ദേശീയ വനിതാടീമിൻ്റെ വീഡിയോ അനലിസ്റ്റാകുകയാണ് ഈ മലയാളി താരത്തിന്റെ ലക്ഷ്യം. അഞ്ജിതയുടെ അച്ഛൻ എം. മണി കോസ്മോസ് പള്ളിക്കരയുടെ കളിക്കാരനായിരുന്നു. അച്ഛൻ്റെ കാൽപ്പന്തുകളിയിലെ ആവേശമാണ് മകളിലേക്കും പടർന്നത്.
ഒന്നാം ക്ലാസ് മുതൽ പ്ലസ്‌ടുവ രെ ബങ്കളം ഗവ. ഹയർ സെക്കൻഡറിയിലായിരുന്നു പഠനം. എട്ടാം ക്ലാസിലെത്തിയപ്പോൾ സ്കൂൾ ഫുട്‌ബോൾ ടീമിൽ ചേർന്നു. നാട്ടുകാരനായ നിതീഷായിരുന്നു പരി ശീലകൻ. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ബിരുദ പഠനകാലത്താണ് കൂടു തൽ അവസരങ്ങൾ അഞ്ജിതയെ തേടിയെത്തിയത്. കേരള ജൂനിയർ, സീനിയർ വനിതാ ടീമുകളിൽ ഇടം കിട്ടി. കാലിക്കറ്റ് സർവകാലശാലയ്ക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. പ്രതിരോധനിരയിൽ കാലുറപ്പിച്ച അഞ്ജിത പിന്നീട് ബെംഗളൂരു ബ്രേവ്സ്, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ നൈറ്റ്സ് ടീമുകളുടെ ജേഴ്സിയണിഞ്ഞു. തൃശ്ശൂർ കാർമൽ കോളേജിൽ എം.കോം. രണ്ടാം വർഷ വിദ്യാർഥിയാണിപ്പോൾ. ഫുട്‌ബോൾ ലോകത്തെ അഞ്ജിതയുടെ യാത്രയിൽ പ്രോത്സാഹനവുമായി അച്ഛൻ മണിയോടൊ പ്പം അമ്മ നളിനിയും സഹോദരി അബിനയുമുണ്ട്. ശ്രദ്ധേയമായ നേട്ടം കൈവരിച്ച അഞ്ജിതയെ കാസറഗോഡ് കലക്ടർ കെ. ഇമ്പശേഖർ അഭിനന്ദിച്ചു. ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് അഭിനന്ദനം കുറിച്ചത്.

No comments