Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ മഴക്കാല യാത്ര ദുരിതമയം.

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ മഴക്കാല യാത്ര ദുരിതമയം.
കാലവർഷത്തിൽ രാത്രികാല വൈദ്യുതി മുടക്കം പതിവായ നീലേശ്വരത്ത് വൈദ്യുതി മുടങ്ങിയാൽ ഈ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഇരുട്ടിലാണ്. ജനറേറ്ററോ ബദൽ സംവിധാനങ്ങളോ ഇല്ല. കഴിഞ്ഞ ദിവസം രാത്രി ഏറെ നേരം വൈദ്യുതി മുടങ്ങിയപ്പോൾ ഏറെ നേരമാണ് യാത്രക്കാർ തപ്പിത്തടഞ്ഞത്. ഒന്നാം പ്ലാറ്റ്ഫോമിൽ മിക്കവാറും സ്ഥലത്തും കാണാൻ മേൽക്കൂരയുണ്ടെങ്കിലും ആകെ മൊത്തം ചോർന്നൊലിക്കുകയാണ്. ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന ഭാഗത്തെ ഇരിപ്പിടങ്ങളെ ആശ്രയിക്കുന്നവർ മഴ കനത്തു പെയ്യുമ്പോൾ കുടപിടിച്ചിരിക്കും. ലഗേജും മറ്റുമായി പ്ലാറ്റ്ഫോമിലെ ശുചിമുറിയിൽ അഭയം തേടുന്നവരും നിരവധി. മേൽക്കൂരയിൽ നിന്ന് മഴവെള്ളം വീണും പൈപ്പുകൾ പൊട്ടി ഒഴുകിപ്പരന്നുമെല്ലാം പ്ലാറ്റ്ഫോമിൽ ആകെ വഴുക്കലുമാണ്. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ വഴുതി വീണ് പരിക്കേൽക്കുകയോ വസ്ത്രം മുഷിഞ്ഞ് യാത്ര മുടങ്ങുകയോ ചെയ്യുമെന്ന സ്ഥിതിയുണ്ടെന്ന് യാത്രക്കാർ പറയുന്നു. ഇതോടെ നീലേശ്വരം റെയിൽവേ പ്ലാറ്റ്ഫോമിലെ വഴുക്കൽ സൂക്ഷിക്കണമെന്ന അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ശുചീകരണ തൊഴിലാളികളുടെ കരാർ പുതുക്കാത്തതിനാൽ മാസങ്ങൾക്ക് മുമ്പ് പ്ലാറ്റ് ഫോമിലെയും സമീപങ്ങളിലെയും ശുചീകരണവും മുടങ്ങിയിരുന്നു. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ലിഫ്റ്റ്, സിസിടിവി ശൃംഖല എന്നിവയുടെയെല്ലാം പണി പാതിവഴിയിലാണെങ്കിലും നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുകയും പശ്ചാത്തല സൗകര്യങ്ങൾ വിപുലമാവുകയും വിധം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. കാസറഗോഡ് ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്ഥാനത്താണ് നീലേശ്വരം റെയിൽവേ സ്റ്റേഷൻ.

No comments