നീലേശ്വരം എഫ്സിഐ ഗോഡൗണിന്റെ മേൽക്കൂര പുതുക്കാനായി പൊളിച്ചു മാറ്റിയിട്ട് രണ്ടാഴ്ച കഴിഞ്ഞു.
കാസറഗോഡ് ജില്ലയിലേക്കുള്ള റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന നീലേശ്വരം എഫ്സിഐ ഗോഡൗണിന്റെ മേൽക്കൂര പുതുക്കാനായി പൊളിച്ചു മാറ്റിയിട്ട് രണ്ടാഴ്ച കഴിഞ്ഞു.
ഇവിടെയുള്ള 2 ഗോഡൗണുകളിൽ ഒന്നിന്റെ മേൽക്കൂരയാണ് പൊളിച്ചു മാറ്റിയത്. ദിവസങ്ങളായി ഗോഡൗണിന്റെ ചുമരും നിലവും മഴ നനഞ്ഞു നിൽക്കുകയാണ്. ഇതിൽ നിലവിൽ ധാന്യ ചാക്കുകൾ സംഭരിച്ചിട്ടില്ലെങ്കിലും അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഗോഡൗണിന്റെ ഉൾഭാഗം തുടർച്ചയായി മഴ നനയുന്നത് ബലക്ഷയം ഉണ്ടാകാനും ഉൾഭാഗം തണുത്തു വിറങ്ങലിച്ച് ഭാവിയിൽ കീടബാധയ്ക്കും മറ്റും ഇടയാക്കിയേക്കുമെന്നാണ് ആശങ്ക.
എഫ്സിഐ ഗോഡൗണുകളുടെ മേൽക്കൂരയ്ക്കുൾപ്പെടെ ഏകീകൃത രീതിയിലുള്ള രൂപഭാവങ്ങളും കളർ കോഡും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീലേശ്വരത്ത് ഗോഡൗൺ സ്ഥാപിച്ച 1970 കാലത്തു മേഞ്ഞ ആസ്ബറ്റോസ് ഷീറ്റ് മാറ്റിയത്. നീലനിറത്തിലുള്ള മെറ്റൽ ഷീറ്റാണ് ഇനി സ്ഥാപിക്കുകയെന്നറിയുന്നു. ചുമരുകൾക്കും മറ്റും കാവി, പച്ച കളർ കോഡാണത്രെ വരിക. എന്നാൽ കേരളത്തിലെ മൺസൂൺ കാലം കണക്കാക്കാതെ ടെൻഡർ ചെയ്ത് പണി തുടങ്ങിയതാണ് നീലേശ്വരത്ത് വിനയായത്. വേനൽക്കാലത്ത് സീറോ സ്റ്റോക്ക് ആക്കുന്ന സമയത്തായിരുന്നെങ്കിൽ ഗോഡൗണിന് അകവും ചുമരുകളും മഴ നനയുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ല.
രാജ്യത്തെ എല്ലാ ഗോഡൗണുകളും പുതുക്കുന്നതിന്റെ ഭാഗമായാണ് നീലേശ്വരത്തെ ഗോഡൗണും മോടി പിടിപ്പിക്കുന്നത്. കണ്ണൂർ മു ഴപ്പിലങ്ങാട് ഗോഡൗണിലൊക്കെ ഈ ജോലികൾ നേരത്തെ പൂർത്തിയായിരുന്നു. നീലേശ്വരത്തെ രണ്ട് ഗോഡൗണുകളിൽ ഒന്നാണ് ജോലിക്കായി കൈമാറിയത്. നടപടികൾ നടന്ന് ഒരു മാസത്തോളമായിട്ടും മേൽക്കൂരയിലെ ഷീറ്റ് മാറ്റിയതു മാത്രമാണ് നടന്ന ജോലി. രണ്ടാമത്തെ ഗോഡൗണിൽ നിലവിൽ പുഴുങ്ങലരി മാത്രമാണ് സ്‌റ്റോക്ക് ചെയ്തിട്ടുള്ളത്. ജില്ലയിലേക്കുള്ള ഗോതമ്പ്, പച്ചരി എന്നിവ പയ്യന്നൂർ ഗോഡൗണിൽ നിന്നാണ് ലോഡ് എടുക്കുന്നത്. ഇതും സാങ്കേതിക പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്.
No comments