സിപിഎം നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള അനധികൃത ഷെഡ് നിർമാണം നീലേശ്വരം നഗരസഭാ കൗൺസിലിൽ ചർച്ചയായി
സിപിഎം നീലേശ്വരം ഏരിയ മുൻ സെക്രട്ടറി കരുവക്കാൽ ദാമോദരന്റെ മകന്റെ ഉടമസ്ഥതയിൽ പേരോലിൽ നടന്നു വരുന്ന അനധികൃത ഷെഡിന്റെ നിർമാണം നഗരസഭാ കൗൺസിലിൽ ചർച്ചയായി.
ഇന്ന് ഉച്ചയ്ക്ക് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇഷജീർ ആണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ജൂൺ 27 ന് തന്നെ സ്‌റ്റോപ് മെമ്മോ കൊടുത്തിട്ടും കൂസാതെ നിർമാണം തുടരുകയും ഇന്ന് കെട്ടിടം പൊളിക്കാൻ നോട്ടീസ് കൊടുത്തിട്ടും നിർമാണ ജോലി തുടരുകയാണെന്നും നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ കൗൺസിലിൽ പറഞ്ഞു.കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ നഗരസഭയുടെ പല ഭാഗത്തും നടക്കാൻ സാധ്യതയുള്ള അനധികൃത നിർമാണങ്ങൾ, ഇതു തടയാൻ ബാധ്യസ്ഥരായ നഗരസഭ നോക്കി നിൽക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും ഷജീർ ശക്തമായി വാദിച്ചു. ഇത് നഗരസഭയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നും ചൂണ്ടിക്കാട്ടി. പിഡബ്ല്യുഒ ജൂൺ 25 ന് നൽകിയ സ്ഥലപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ സെക്രട്ടറി അനൂപ് പേരാൽ എന്നയാൾക്ക് സ്റ്റോപ് മെമ്മോ നൽകിയത്. പേരാൽ കിള റോഡിൽ നിന്ന് 3 മീറ്റർ അകലം പാലിക്കാതെയും നഗരസഭയുടെ അനുമതിയില്ലാതെയും നടന്നു വരുന്ന അനധികൃത നിർമാണമാണിതെന്നു സ്‌റ്റോപ് മെമ്മോയിൽ പറഞ്ഞിരുന്നു. കേരള മുൻസിപ്പാലിറ്റി ആക്ട് സെക്ഷൻ 367 (1), (3) ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തുന്ന നിർമാണം ഉടൻ നിർത്തണമെന്നും കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന അറിയിപ്പും സ്റ്റോപ് മെമ്മോയിൽ നൽകിയതും ഗൗനിക്കാതെ നിർമാണം തുടരുകയായിരുന്നു. തുടർന്നാണ് പൊളിക്കൽ നോട്ടീസ് നൽകിയതെന്നും സെക്രട്ടറി കൗൺസിലിനെ അറിയിച്ചു. അങ്ങനെയെങ്കിൽ അനധികൃത നിർമാണം ഉടൻ പൊളിച്ചു നീക്കേണ്ടതുണ്ടെന്ന് ചെയർ പേഴ്സൺ ടി.വി. ശാന്ത പറഞ്ഞു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫിയും ചർച്ചയിൽ പങ്കെടുത്തു. പനി പടരുന്ന സാഹചര്യത്തിൽ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷവും ഒ.പി പരിശോധന വേണമെന്ന് തീരദേശ കൗൺസിലർ അൻവർ സാദിഖ് വേലിക്കോത്ത് ആവശ്യപ്പെട്ടു. തീരദേശ മേഖലയിലെയും നഗര മേഖല ഉൾപ്പെടെയുള്ള ഇതര വാർഡുകളിലെയും അണഞ്ഞു പോയ വിളക്കുകൾ ഉടൻ റിപ്പയർ ചെയ്യണമെന്ന് കെ.വി.ശശികുമാറും ആവശ്യപ്പെട്ടു. തീരദേശ കൗൺസിലർ പി.കെ.ലതയും ചർച്ചയിൽ പങ്കെടുത്തു.
No comments